ടെല്‍ അവീവ്: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തി. മംദാനി 'വിദ്വേഷം വളര്‍ത്തുകയാണ്' എന്ന് ആരോപിച്ച നെതന്യാഹു, എല്ലാവരെയും പ്രതിനിധീകരിക്കേണ്ട മേയര്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു.
ഐക്യരാഷ്ട്ര പൊതുസഭയുടെ 81-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു. 2026 സെപ്റ്റംബര്‍ 8-നാണ് ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് പൊതുസഭാ സമ്മേളനം ആരംഭിക്കുന്നത്.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു മംദാനിയുടെ നിലപാടിനെ വിമര്‍ശിച്ചത്.
'അദ്ദേഹം വിദ്വേഷം വളര്‍ത്തുകയാണ്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങി എല്ലാ ന്യൂയോര്‍ക്കുകാരുടെയും മേയറായിരിക്കണം അദ്ദേഹം. എന്നാല്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. ജൂത അമേരിക്കക്കാരുമായി ഞാന്‍ സംസാരിക്കാറുണ്ട്; ഇപ്പോള്‍ അവര്‍ ഭയപ്പെടുകയാണ്,' നെതന്യാഹു പറഞ്ഞു.
യു എന്‍ പൊതുസഭാ വേദിയില്‍ എത്തി 'സത്യം സംസാരിക്കുമെന്നും ഇസ്രയേലിനും ഇസ്രയേല്‍- അമേരിക്കന്‍ സഖ്യത്തിനും വേണ്ടി നിലപാട് വ്യക്തമാക്കുമെന്നും' നെതന്യാഹു പറഞ്ഞു.
ഐ സി സി ഉയര്‍ത്തിയ യുദ്ധക്കുറ്റ ആരോപണങ്ങളെ അദ്ദേഹം 'നീതിയുടെ വികലമായ രൂപം' എന്നും 'അധികാരപരിധിയില്ലാത്ത കപട കോടതിയുടെ നടപടി' എന്നും വിശേഷിപ്പിച്ചു. ഇസ്രയേലിനോ അമേരിക്കയ്‌ക്കോ മേല്‍ ഐ സി സിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സൊഹ്‌റാന്‍ മംദാനി നെതന്യാഹുവിനെതിരായ ഐ സി സി അറസ്റ്റ് വാറന്റ് ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
'ബെഞ്ചമിന്‍ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന് വിധേയനായ വ്യക്തിയാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയെന്ന ആരോപണങ്ങളിലാണ് ഈ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാസയിലെ പാലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലയുടെ ആസൂത്രകനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി എന്ന ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്. ഇത് എന്റെ വ്യക്തിപരമായ വിലയിരുത്തലല്ല; പൊതുരേഖകളിലുള്ള കാര്യങ്ങളാണ്,' മംദാനി പറഞ്ഞു.
അന്താരാഷ്ട്ര അറസ്റ്റ് വാറന്റുകള്‍ ആരെ ലക്ഷ്യമിട്ടാലും ഒരേ രീതിയില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2024 നവംബറിലാണ് ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്ന ആരോപണത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ ഇസ്രയേല്‍ ശക്തമായി നിഷേധിക്കുകയും ഐ സി സിയുടെ അധികാരപരിധിയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. നെതന്യാഹുവും തനിക്കെതിരായ കുറ്റാരോപണങ്ങള്‍ പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്. ഗാസയില്‍ വംശഹത്യ നടത്തിയെന്ന ആരോപണവും ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.
