നെതന്യാഹുവിനെ തോൽപ്പിക്കാൻ 'കൂട്ടുകെട്ട്'; മംദാനിയെ ഖമനഇ, എർദോഗൻ, ഹിസ്ബുല്ല തലവൻമാർക്കൊപ്പം ചിത്രീകരിച്ച് ലിക്കുഡ്

നെതന്യാഹുവിനെ തോൽപ്പിക്കാൻ 'കൂട്ടുകെട്ട്'; മംദാനിയെ ഖമനഇ, എർദോഗൻ, ഹിസ്ബുല്ല തലവൻമാർക്കൊപ്പം ചിത്രീകരിച്ച് ലിക്കുഡ്


ടെൽ അവീവ് :  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് വിവാദ തിരഞ്ഞെടുപ്പ് പരസ്യവുമായി ഭരണകക്ഷിയായ ലിക്കുഡ് പാർട്ടി. ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിയെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനഇ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയീം ഖാസിം എന്നിവർക്കൊപ്പം ഉൾപ്പെടുത്തിയുള്ളതാണ് പരസ്യം.

'അവർ നെതന്യാഹു തോൽക്കണമെന്ന് ആഗ്രഹിക്കുന്നു. അവരെ വിജയിക്കാൻ അനുവദിക്കരുത്' എന്നാണ് പരസ്യത്തിലെ സന്ദേശം. നെതന്യാഹുവും പരസ്യത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഇതേ ആഹ്വാനം നടത്തി.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലിക്കുഡിന്റെ നീക്കം. നെതന്യാഹുവിന്റെ പ്രാദേശിക എതിരാളികളുമായി മംദാനിയെ ഒരേ നിരയിൽ നിർത്തി, പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ നിലപാടുകളെ ഇസ്രയേലിന്റെ എതിരാളികളുമായി ബന്ധിപ്പിക്കുകയാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

പരസ്യം ജറുസലേമിലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും യഥാർഥത്തിൽ ടെൽ അവീവിൽ അയലോൺ ഹൈവേയ്ക്ക് അഭിമുഖമായാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ലിക്കുഡിന്റെ പ്രചാരണത്തിനെതിരെ എതിർകക്ഷികളും രംഗത്തെത്തി. മുൻ ഇസ്രയേൽ പ്രതിരോധസേന മേധാവി ഗാദി ഐസൻകോട്ട് നയിക്കുന്ന യാഷർ പാർട്ടി ലിക്കുഡിന്റെ പരസ്യത്തെ പരിഹസിച്ച് മാറ്റം വരുത്തിയ പതിപ്പ് പുറത്തിറക്കി. 'അവർ ഐഡിഎഫ് തകരണമെന്ന് ആഗ്രഹിക്കുന്നു. നെതന്യാഹുവിനെ വിജയിക്കാൻ അനുവദിക്കരുത്' എന്നായിരുന്നു പുതിയ പരസ്യത്തിലെ സന്ദേശം.

ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണം കടുത്ത രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ടെൽ അവീവിലെ ബിൽബോർഡ് നൽകുന്നത്.