ടെൽ അവിവ്: ഇസ്രയേലിൽ യുദ്ധകാല അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അഴിമതി കേസ് വീണ്ടും തുറക്കുന്നു. ഏപ്രിൽ 12 മുതൽ വിചാരണ പുനരാരംഭിക്കുമെന്ന് ഇസ്രയേൽ കോടതി വക്താവ് അറിയിച്ചു.
ഇറാനുമായുള്ള സംഘർഷത്തിനിടെ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ബുധനാഴ്ച പിൻവലിച്ചിരുന്നു. തുടർന്ന് സ്‌കൂളുകളും ജോലിസ്ഥലങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയതോടെ, ന്യായവ്യവസ്ഥയും പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വിചാരണ നടക്കുമെന്നാണ് വിവരം.
കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. 2019ൽ കേസ് രജിസ്റ്റർ ചെയ്തതും 2020ൽ വിചാരണ ആരംഭിച്ചതുമാണ്. എന്നാൽ, ഗാസയിലെ ഹമാസ് സംഘർഷം, ഇറാൻ-ലെബനൻ വിഷയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ കാരണം വിചാരണ പലവട്ടം മാറ്റിവെക്കപ്പെട്ടിരുന്നു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് , നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മാപ്പ് അപേക്ഷ പരിഗണിക്കുകയെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓഫീസ്, അറിയിച്ചു.
അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഘ്ച്ചി ശക്തമായ പ്രതികരണം രേഖപ്പെടുത്തി. നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക നയതന്ത്ര ശ്രമങ്ങളെ തകർക്കുകയാണെങ്കിൽ അത് അവരുടെ സാമ്പത്തിക മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെതിരായ നിയമപ്രശ്‌നങ്ങൾ രാഷ്ട്രീയമായി വലിയ സമ്മർദ്ദം സൃഷ്ടിക്കുകയാണ്. യുദ്ധങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും ചേർന്നതോടെ അദ്ദേഹത്തിന്റെ ജനപിന്തുണയിൽ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
യുദ്ധകാല അടിയന്തരാവസ്ഥ പിൻവലിച്ചതോടെ നെതന്യാഹുവിന്റെ അഴിമതി കേസ് വീണ്ടും വിചാരണക്കെടുക്കും
