ഗാസ 'ബോര്‍ഡ് ഓഫ് പീസ്' അംഗത്വത്തില്‍ തര്‍ക്കം: ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഇസ്രയേല്‍

ഗാസ 'ബോര്‍ഡ് ഓഫ് പീസ്' അംഗത്വത്തില്‍ തര്‍ക്കം: ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഇസ്രയേല്‍


ടെല്‍ അവീവ് / വാഷിംഗ്ടണ്‍: യുദ്ധാനന്തര ഗാസയുടെ ഭരണവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ബോര്‍ഡ് ഓഫ് പീസ്' അംഗത്വത്തില്‍ ഇസ്രയേല്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ചു. ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡ്' അംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം ഇസ്രയേലുമായി ആലോചിക്കാതെയാണെന്നും ഇത് ഇസ്രയേല്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് (ജനുവരി 16) ട്രംപ് ഗാസ ബോര്‍ഡ് ഓഫ് പീസിന്റെ അംഗപട്ടിക പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ രൂപീകരിക്കുന്ന പുതിയ അന്താരാഷ്ട്ര സുരക്ഷാ സേനയുടെ മേല്‍നോട്ടവും ബോര്‍ഡിന്റെ ചുമതലയായിരിക്കും. ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി ഹാക്കാന്‍ ഫിദാനും ഖത്തറിലെ ഒരു ഉദ്യോഗസ്ഥനും എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രംപ് തന്നെയാണ് ബോര്‍ഡ് ഓഫ് പീസിന്റെ ചെയര്‍മാന്‍.

ഈ പ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച പ്രതികരിച്ച നെതന്യാഹുവിന്റെ ഓഫീസ്, യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രിയോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അറിയിച്ചു. വൈറ്റ് ഹൗസ് വിശദീകരിച്ചതനുസരിച്ച്, ഗാസയിലെ ഭരണസംവിധാനം, പുനര്‍നിര്‍മ്മാണം, നിക്ഷേപ ആകര്‍ഷണം, ധനസമാഹരണം, പ്രാദേശിക ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ബോര്‍ഡ് കൈകാര്യം ചെയ്യും.

ഇതിനിടയില്‍, ബോര്‍ഡ് ഓഫ് പീസിന്റെ മേല്‍നോട്ടത്തില്‍ ഗാസ ഭരിക്കാന്‍ നിയോഗിച്ച പാലസ്തീന്‍ സാങ്കേതിക വിദഗ്ധ സമിതി കെയ്‌റോയില്‍ ആദ്യ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ ജാരെഡ് കുഷ്‌നറും പങ്കെടുത്തു. അതേസമയം, പാലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് സംഘടന ബോര്‍ഡിന്റെ ഘടനയെ വിമര്‍ശിച്ചു. ഇത് 'ഇസ്രയേല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതും അധിനിവേശത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്' എന്നാണ് സംഘടനയുടെ ആരോപണം.

ബോര്‍ഡില്‍ ചേരാന്‍ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ക്ക് ക്ഷണം നല്‍കിയിട്ടുണ്ട്. കാനഡയില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മുതിര്‍ന്ന സഹായി ക്ഷണം സ്വീകരിക്കുമെന്ന് അറിയിച്ചു. ടര്‍ക്കി പ്രസിഡന്റ് റെജപ് തായിപ്പ് എര്‍ദോഗാനോടും സ്ഥാപകാംഗമാകാന്‍ അഭ്യര്‍ത്ഥന ലഭിച്ചതായി അവിടുത്തെ വക്താവ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍സിസിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള അഭ്യര്‍ത്ഥന കെയ്‌റോ പരിഗണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദെലാത്തി വ്യക്തമാക്കി. അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ്, ക്ഷണക്കത്ത് പങ്കുവച്ച്, ഇതില്‍ പങ്കെടുക്കുന്നത് 'ബഹുമതിയായിരിക്കും' എന്ന് എക്‌സില്‍ കുറിച്ചു.

2003ലെ ഇറാഖ് യുദ്ധത്തിലെ പങ്ക് കാരണം ടോണി ബ്ലെയറുടെ ഉള്‍പ്പെടുത്തല്‍ വലിയ വിവാദമായിട്ടുണ്ട്. എന്നാല്‍, എഎഫ്പിക്ക് നല്‍കിയ പ്രസ്താവനയില്‍, ബോര്‍ഡ് ഓഫ് പീസ് രൂപീകരിച്ചതിന് ട്രംപിന് നന്ദി അറിയിച്ച ബ്ലെയര്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞു. 2007ല്‍ പ്രധാനമന്ത്രി പദവി വിട്ട ശേഷം, ഐക്യരാഷ്ട്രസംഘടന, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, റഷ്യ എന്നിവ ഉള്‍പ്പെട്ട 'മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടറ്റ്' പ്രതിനിധിയായി ബ്ലെയര്‍ വര്‍ഷങ്ങളോളം ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.