ജറുസലേം: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തനിക്കെതിരെ കടുത്ത ഭാഷ പ്രയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാതെ, അതിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ പോലുള്ള കാര്യങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ മാധ്യമമായ സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. തിങ്കളാഴ്ച ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിനിടെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
സ്വകാര്യ സംഭാഷണങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും തങ്ങള്‍ തമ്മില്‍ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്നും മികച്ച കുടുംബങ്ങളില്‍ പോലും ഉണ്ടാകുന്നതുപോലെ ചില തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അവ പരിഹരിക്കാന്‍ എപ്പോഴും വഴി കണ്ടെത്തുമെന്നും നെതന്യാഹു പറഞ്ഞു. രാവിലെ അഭിപ്രായവ്യത്യാസമുണ്ടായാലും വൈകുന്നേരത്തോടെ പൊതുവായ നിലപാടിലെത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ട്രംപുമായുള്ള ബന്ധം അതുപോലെയാണ്. അദ്ദേഹം തന്നെയും താന്‍ അദ്ദേഹത്തെയും ബഹുമാനിക്കുന്നു. അഭിപ്രായഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കാനുള്ള മാര്‍ഗം എപ്പോഴും കണ്ടെത്താറുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവപദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും നയതന്ത്ര സമ്മര്‍ദത്തിലൂടെയും ശക്തമായ ചര്‍ച്ചകളിലൂടെയും പരിഹരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിന് അവസരം നല്‍കണം എന്നാണ് തന്റെ അഭിപ്രായമെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, ലെബനനിലെ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുല്ല ഇസ്രായേലിന് ഭീഷണിയാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ലെബനനെ രക്ഷിക്കണമെങ്കില്‍, ലെബനന്‍- ഇസ്രായേല്‍ സമാധാനം യാഥാര്‍ഥ്യമാകണമെങ്കില്‍ ഹിസ്ബുള്ളയെ നിരായുധമാക്കുകയും ലെബനനെ സൈനികവത്ക്കരണമുക്തമാക്കുകയും വേണമെന്നാണ് താനും ട്രംപും പങ്കിടുന്ന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയുടെ ഭീഷണി അവസാനിപ്പിക്കാതെ മേഖലയില്‍ സ്ഥിരത കൈവരിക്കാനാകില്ലെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.
ഇതിനിടെ, നെതന്യാഹുവിനെതിരെ ഫോണ്‍ സംഭാഷണത്തിനിടെ കടുത്ത ഭാഷ ഉപയോഗിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേല്‍ സൈനിക നടപടികള്‍ ഇറാനുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്നതില്‍ തനിക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
തങ്ങള്‍ വളരെ നന്നായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നെതന്യാഹുവിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹവുമായി നല്ല സഹകരണമാണ് ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി. താന്‍ യുദ്ധകാല പ്രസിഡന്റും അദ്ദേഹം യുദ്ധകാല പ്രധാനമന്ത്രിയുമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ നടപ്പിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ശക്തിപ്പെടുത്തുന്നതിന് ലെബനന്‍- ഇസ്രായേല്‍ പ്രതിനിധികള്‍ വാഷിങ്ടണില്‍ വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് ഇരുരാജ്യ നേതാക്കളുടെയും പ്രസ്താവനകള്‍ പുറത്തുവന്നത്.
