ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന കോക്ക്പിറ്റ് ആക്രമണത്തിന് പിന്നിൽ ഭീകരാക്രമണ ശ്രമമുണ്ടോയെന്ന് കണ്ടെത്താൻ യുഎഇ സർക്കാരും അറ്റോർണി ജനറലും ചേർന്ന് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം ജനറൽ സിവിലിയൻ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഈ സംഭവം ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളുമായോ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനകളുമായോ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് യുഎഇ അന്വേഷണസംഘം പരിശോധിക്കും. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം കേസിന്റെ പൂർണ്ണമായ വിചാരണാധികാരം യുഎഇയ്ക്കാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ മാത്രം ആശ്രയിക്കണമെന്നും അൽ ഷംസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച ഒമാനി സഹപൈലറ്റ് തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായ വ്യക്തിയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. സുരക്ഷാ പരിശോധനയിലുണ്ടായ ഒരു 'വീഴ്ച'യാണ് ഇയാളെ ടെൽ അവീവിലേക്ക് വിമാനം പറത്താൻ അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിൽ ആക്രമണം നടത്താൻ ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഇറാൻ-പിന്തുണയുള്ള ഗ്രൂപ്പുകൾ പദ്ധതിയിടുന്നതിന്റെ "സൂചനകൾ" ലഭിച്ചിട്ടുണ്ട്. എന്നാൽ ഫ്ലൈദുബായ് സംഭവം അത്തരം പദ്ധതികളുമായി ബന്ധപ്പെട്ടതാണോ എന്ന് ഇതുവരെ വ്യക്തമല്ല. അദ്ദേഹം ഇസ്‌ലാമിക തീവ്രവാദ ആശയങ്ങൾ സ്വീകരിച്ചിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാം. സംഭവത്തിന് എന്തെങ്കിലും "ഇറാൻ ബന്ധം" ഉണ്ടോ എന്ന് വരുംദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. നിലവിൽ സൗദി അറേബ്യയിൽ അന്വേഷണം നേരിടുന്ന അക്രമിയായ സഹപൈലറ്റിനെ യുഎഇയിലേക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും, കേസിന്‍റെ അന്വേഷണത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും 'ഫോക്സ്' ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
കോ-പൈലറ്റ് ഒമാൻ സ്വദേശിയാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ഇതൊരു "ജിഹാദി ഭീകരാക്രമണം" എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് കൃത്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഇസ്രായേൽ-യുഎഇ ബന്ധവും അബ്രഹാം കരാറും തകർക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെട്ടു. അതേസമയം, വിമാനം അടിയന്തരമായി ഇറക്കിയ സൗദി അറേബ്യയോ, വിമാനം പുറപ്പെട്ട യുഎഇയോ (ഫ്ലൈദുബായ് 1073) ആക്രമിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യുഎഇയിൽ നിന്ന് കോ-പൈലറ്റിനെ കൈമാറണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുമെന്ന് സാർ പറഞ്ഞു. വിമാനം ഇറങ്ങിയ സൗദി അറേബ്യയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം കോ-പൈലറ്റിനെ യുഎഇക്ക് കൈമാറും. സംഭവത്തെ തുടർന്ന് തബൂക്കിലുള്ള വിമാനം പരിശോധിക്കാൻ ഫ്ലൈ ദുബായുടെ പ്രത്യേക സാങ്കേതിക സംഘവും സൗദിയിലെത്തിയിട്ടുണ്ട്.
സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു
വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദിച്ചു. അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു പറഞ്ഞു. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രതിരോധിക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചു.
'അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.' -നെതന്യാഹു എക്‌സില്‍ കുറിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
ക്രൂരമായി കുത്തേറ്റുവീണിട്ടും 174-ഓളം യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നായകൻ എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ‘അതീവ ഗുരുതരമായ ഭീഷണിയെ നേരിടുമ്പോഴും പരിക്കുകളെ അവഗണിച്ച് സ്മിത് മച്ചാർ കാണിച്ച ധീരതയും പതറാത്ത മനോധൈര്യവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തു’ എന്ന് മോദി എക്സിൽ കുറിച്ചു. കുത്തേറ്റുവീണ് രക്തത്തിൽ കുളിച്ചിട്ടും ഡോർ തുറന്നുഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് നിലത്തുവീണ സമയത്തും, കോക്ക്പിറ്റിന്‍റെ ലോക്ക് മാറ്റി വാതിൽ തുറന്നുകൊടുക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സാധിച്ചതാണ് പുറത്തുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാൻ സഹായിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താവ് വെളിപ്പെടുത്തി.
സൈപ്രസിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഇന്ത്യന്‍ പൈലറ്റിനെയും അക്രമിയെ തടയാന്‍ സഹായിച്ച യാത്രക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തി. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാറിന് വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. മുന്‍പ് സ്‌പൈസ് ജെറ്റില്‍ 10 വര്‍ഷത്തോളം സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്‌ളൈദുബായില്‍ ചേര്‍ന്നത്. ബോയിങ് 737 വിമാനങ്ങളില്‍ 9,750 മണിക്കൂറിലധികം വിമാന ഓപ്പറേഷന്‍ പരിചയം അദ്ദേഹത്തിനുണ്ട്.
ഫ്ലൈദുബായ് ആക്രമണം: ഭീകരാക്രമണ സംശയങ്ങൾ ബലപ്പെടുന്നു; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ; സഹപൈലറ്റ് 'ഇസ്‌ലാമിസ്റ്റ് തീവ്രവാദ ആശയവൽക്കരണത്തിന്' വിധേയനായിരുന്നെന്ന് നെതന്യാഹു
