ജെറുസലേം: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രയേല്‍ ലോക വേദികളില്‍ ഒറ്റപ്പെടല്‍ നേരിടുന്നുണ്ടെന്നും അതിനനുസരിച്ച് രാജ്യം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെറുസലേമില്‍ നടന്ന ധനമന്ത്രാലയ സമ്മേളനത്തിലാണ് ഈ തുറന്നു പറച്ചില്‍ നടത്തിയത്. രാജ്യം കൂടുതല്‍ സ്വയം പര്യാപ്തത നേടി ഈ ഒറ്റപ്പെടലിനെ മറികടക്കണം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് ഇസ്രയേലിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടി വരുമെന്നും ആയുധ വ്യവസായം ശക്തിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. യൂറോപ്യന്‍ രാജ്യങ്ങളെ പിണക്കിയതും ഇസ്രയേലിനു ക്ഷീണമായി. എന്നാല്‍ നെതന്യാഹുവിന്റെ തെറ്റായ നയങ്ങളാണ് ഈ ഒറ്റപ്പെടലിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.