ഹിസ്ബുള്ളയ്ക്കെതിരെ 'ആവശ്യമുള്ളിടത്തെല്ലാം' ആക്രമണം തുടരുമെന്ന് നെതന്യാഹു

ഹിസ്ബുള്ളയ്ക്കെതിരെ 'ആവശ്യമുള്ളിടത്തെല്ലാം' ആക്രമണം തുടരുമെന്ന് നെതന്യാഹു


ജറുസലേം: ഹിസ്ബുള്ളക്കെതിരെ ആക്രമണം തുടരുമെന്ന് നെതന്യാഹു. ഹിസ്ബുള്ളക്കെതിരെ ലെബനനില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 254 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് നെതന്യാഹുവിന്റെ പരാമര്‍ശം. 

'ആവശ്യമുള്ളിടത്തെല്ലാം ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം തുടരു'മെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ സെക്രട്ടറി അലി യൂസഫ് ഹര്‍ഷിയെ വധിച്ചതായി ഐ ഡി എഫ് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന.

ഇസ്രായേലി സിവിലിയന്മാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയെല്ലാം ലക്ഷ്യം വയ്ക്കുമെന്ന തങ്ങളുടെ സന്ദേശം വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കന്‍ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ പുനഃസ്ഥാപിക്കുന്നതുവരെ, ആവശ്യമുള്ളിടത്തെല്ലാം ഞങ്ങള്‍ ഹിസ്ബുള്ളയെ ആക്രമിക്കുന്നത് തുടരും- നെതന്യാഹു എക്സില്‍ ഹീബ്രു ഭാഷയില്‍ എഴുതി.

തെക്കന്‍ ലെബനനിലെ നിരവധി ഭീകര കേന്ദ്രങ്ങള്‍ ഐ ഡി എഫ് ആക്രമിച്ചതായും ആയിരക്കണക്കിന് ആയുധങ്ങള്‍, റോക്കറ്റുകള്‍, ലോഞ്ചറുകള്‍, ആയുധ ഡിപ്പോകള്‍, ലോഞ്ച് സൈറ്റുകള്‍, ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകള്‍ തുടങ്ങിയ ക്രോസിംഗ് പോയിന്റുകള്‍ ഉപയോഗിച്ചതായി ആക്രമണങ്ങളുടെ ഐ ഡി എഫ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യു എസുമായും ഇസ്രായേലുമായും രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇസ്രായേല്‍ സൈന്യം ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തിയത്. കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ടെല്‍ അവീവ് പറയുന്നുണ്ടെങ്കിലും ലെബനന്‍ ആക്രമണം കരാര്‍ ലംഘനമാണെന്നാണ് ഇറാന്‍ വിളിക്കുന്നത്. 

ഇറാന്‍- യു എസ് വെടിനിര്‍ത്തല്‍ നിബന്ധനകള്‍ വ്യക്തമാണെന്നും ഒന്നുകില്‍ വെടിനിര്‍ത്തല്‍ അല്ലെങ്കില്‍ ഇസ്രായേല്‍ വഴിയുള്ള യുദ്ധം എന്നിവയിലേതെങ്കിലുമൊന്ന് യു എസ് തെരഞ്ഞെടുക്കണമെന്നും ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ലെബനനിലെ കൂട്ടക്കൊലകള്‍ ലോകം കാണുന്നുണ്ടെന്നും പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും അത് തങ്ങളുടെ പ്രതിജ്ഞാബദ്ധതകള്‍ പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. ഇസ്രായേല്‍ ലെബനനെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ നിലവിലെ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.