ഇറാന്‍ ചര്‍ച്ചാ പ്രതിനിധികളെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടെന്ന റിപ്പോര്‍ട്ട് തള്ളി നെതന്യാഹു

ഇറാന്‍ ചര്‍ച്ചാ പ്രതിനിധികളെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടെന്ന റിപ്പോര്‍ട്ട് തള്ളി നെതന്യാഹു


ജറുസലേം: ഇറാനുമായി നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇറാന്റെ ഉന്നത ചര്‍ച്ചാ പ്രതിനിധികളെ ഇസ്രായേല്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അതിനെക്കുറിച്ച് അമേരിക്ക ആശങ്കപ്പെട്ടിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി നിഷേധിച്ചു.

അമേരിക്കന്‍ ദിനപത്രമായ ദ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫിനെയും ഇസ്രായേല്‍ ലക്ഷ്യമിടുമോയെന്ന ആശങ്ക അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നത്. ഏപ്രില്‍ 8-ലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമാണ് ഈ ആശങ്ക കൂടുതല്‍ ശക്തമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിനെതിരെ എക്സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ദ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്ത പൂര്‍ണമായും വ്യാജവും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥയുമാണ് എന്ന് ആരോപിച്ചു.

റിപ്പോര്‍ട്ടനുസരിച്ച്, ഇറാന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധികള്‍ക്കെതിരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് പ്രാദേശിക മധ്യപൂര്‍വ രാജ്യങ്ങളിലെ ഇടനിലക്കാരിലൂടെ അമേരിക്ക തെഹ്‌റാനിലേക്ക് കൈമാറിയിരുന്നു. വെടിനിര്‍ത്തലിന് ശേഷം ഇത്തരമൊരു ആക്രമണം നടന്നാല്‍ സമാധാനശ്രമങ്ങള്‍ പൂര്‍ണമായും തകരുകയും മേഖല വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തല്‍.

ഏപ്രില്‍ 12-ന് ഗാലിബാഫ് സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി മഷ്ഹദില്‍ ഇറക്കാന്‍ ഇറാനിയന്‍ സുരക്ഷാസേന നിര്‍ദേശിച്ചുവെന്നും ഇറാഖ് വഴി ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അമേരിക്കയോ ഇറാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക സംഘര്‍ഷം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അമേരിക്കയും ഇസ്രായേലും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുവെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാന്റെ രാഷ്ട്രീയ- സൈനിക നേതൃത്വത്തിലെ നിരവധി പ്രമുഖരെ ഇസ്രായേല്‍ വധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തെഹ്‌റാനില്‍ ഭരണമാറ്റം യാഥാര്‍ഥ്യമാകില്ലെന്ന് വ്യക്തമായതോടെ അമേരിക്ക ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും എന്നാല്‍ നെതന്യാഹു സര്‍ക്കാര്‍ പലപ്പോഴും ആ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ഇറാന്റെ മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനിയെ മാര്‍ച്ചില്‍ വധിച്ചതും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ കടുത്ത അസംതൃപ്തിക്ക് ഇടയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഹമാസ് ചര്‍ച്ചാ പ്രതിനിധികള്‍ കൊല്ലപ്പെട്ട 2025 സെപ്റ്റംബറിലെ ദോഹ ആക്രമണവുമായി ഇതിനെ റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നു.

തിരശ്ശീലയ്ക്ക് പിന്നില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുവെങ്കിലും പൊതുവേദിയില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് ഇരു നേതാക്കളും ശ്രമിക്കുന്നത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ടെലിഫോണില്‍ അഭിനന്ദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമീപഭാവിയില്‍ അമേരിക്കയില്‍ നേരില്‍ കൂടിക്കാഴ്ച നടത്താനും ഇരുവരും ധാരണയിലെത്തിയതായും ഓഫീസ് വ്യക്തമാക്കി. 'ലോകത്തിന്റെ സ്വാതന്ത്ര്യത്തിന് കരുത്ത് പകരുന്നത് അമേരിക്കയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇസ്രായേല്‍ അതീവ വിലമതിക്കുന്നു,' എന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു.