ജനറേഷൻ ഇസഡ് പ്രതിഷേധത്തിന് ശേഷം നേപ്പാളിൽ ആദ്യ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ

ജനറേഷൻ ഇസഡ് പ്രതിഷേധത്തിന് ശേഷം നേപ്പാളിൽ ആദ്യ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ


കാഠ്മണ്ഡു: അഴിമതി വിരുദ്ധമായി നടന്ന ജനറേഷൻ ഇസഡ് യുവജനപ്രതിഷേധങ്ങൾക്ക് പിന്നാലെ നേപ്പാളിൽ പുതിയ പാർലമെന്റ് തെരഞ്ഞെടുപ്പിനായി വോട്ടെടുപ്പ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ പോളിംഗ് വൈകിട്ട് 5 മണിവരെ തുടരും. 2025 സെപ്തംബറിൽ നടന്ന പ്രതിഷേധത്തിൽ സർക്കാർ വീഴുകയും കുറഞ്ഞത് 77 പേർ കൊല്ലപ്പെടുകയും ചെയ്തതിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.

ഏകദേശം മൂന്ന് കോടി ജനസംഖ്യയുള്ള രാജ്യത്ത് ഏകദേശം 1.9 കോടി വോട്ടർമാരാണ് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. കാഠ്മണ്ഡു ഉൾപ്പെടെ രാജ്യത്താകമാനം വോട്ടിംഗ് കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് സൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ ഭയമില്ലാതെ വോട്ട് ചെയ്യണമെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കി  അഭ്യർഥിച്ചു.

275 അംഗങ്ങളുള്ള പ്രതിനിധി സഭയിൽ (ഹൗസ് ഓഫ് റിപ്പ്രസന്റേറ്റീവ്‌സ്) 165 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലേക്ക് 3400ത്തിലധികം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന 110 അംഗങ്ങളെ പാർട്ടി പട്ടികകളിലൂടെ തിരഞ്ഞെടുക്കും. നേരിട്ടുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ 24 മണിക്കൂറിനകം പുറത്തുവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാം പ്രസാദ് ഭണ്ഡാരി അറിയിച്ചു. എന്നാൽ പാർട്ടി അനുപാത പ്രാതിനിധ്യ രീതിയിലുള്ള ഫലങ്ങൾ പ്രഖ്യാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പഴയ രാഷ്ട്രീയ നേതൃത്വവും ശക്തമായി ഉയർന്നുവരുന്ന യുവജന രാഷ്ട്രീയശക്തികളും തമ്മിലുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി വീണ്ടും അധികാരത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തെ സ്വന്തം മണ്ഡലമായ ഝാപയിൽ വെല്ലുവിളിക്കുന്നത് കാഠ്മണ്ഡുവിന്റെ മുൻ മേയറും യുവ രാഷ്ട്രീയനേതാവുമായ ബാലേന്ദ്ര ഷാ ആണ്. റാപ്പർ പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഷാ യുവജന പിന്തുണ നേടാനാണ് ശ്രമിക്കുന്നത്.

അതേസമയം രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയായ നേപ്പാളി കോൺഗ്രസിന്റെ  പുതിയ നേതാവ് ഗഗൻ തപയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ഒരാളാണ്. പഴയ നേതാക്കളുടേതായി മാറിയ രാഷ്ട്രീയ സംസ്‌കാരത്തിന് അവസാനമിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതിനാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ സഖ്യ സർക്കാരിന്റെ സാധ്യത കൂടുതലാണെന്നും അവർ വിലയിരുത്തുന്നു.