കാഠ്മണ്ഡു: നേപ്പാള്‍ രാജാവായിരുന്ന ബിരേന്ദ്ര ഷായുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ട 2001ലെ രാജകൊട്ടാര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വീണ്ടും തുറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റതിന് പിന്നാലെയാണ് മന്ത്രി സുധന്‍ ഗുരുങ് ഇക്കാര്യം അറിയിച്ചത്.
2025ല്‍ അഴിമതിക്കും പഴയ രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയങ്ങള്‍ക്കുമെതിരെ നേപ്പാളില്‍ നടന്ന ജന്‍സി യുവജന പ്രക്ഷോഭങ്ങളുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്ന ഗുരുങ് ദേശീയ ശ്രദ്ധ നേടിയിരുന്നു. 2026 മാര്‍ച്ചില്‍ ആദ്യമായി ആഭ്യന്തര മന്ത്രിയായ അദ്ദേഹം വെളിപ്പെടുത്താത്ത സാമ്പത്തിക നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് 48 ദിവസത്തിനുശേഷം രാജിവെച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ കുറ്റവിമുക്തനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
നേപ്പാളില്‍ 'ദര്‍ബാര്‍ ഹത്യാകാണ്ഡ' എന്നറിയപ്പെടുന്ന 2001ലെ രാജകൊട്ടാര കൂട്ടക്കൊലക്കേസ് അന്നത്തെ രാജാവായിരുന്ന ബിരേന്ദ്ര ഷായുടെ കുടുംബാംഗങ്ങളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടതാണ്. 2001 ജൂണ്‍ ഒന്നിന് നാരായണ്‍ഹിതി രാജകൊട്ടാരത്തില്‍ നടന്ന കുടുംബ അത്താഴ വിരുന്നിനിടെ രാജാവ് ബിരേന്ദ്ര ഷാ, രാജ്ഞി ഐശ്വര്യ എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അന്നത്തെ കിരീടാവകാശിയായിരുന്ന ദീപേന്ദ്ര ഷാ വെടിവെച്ചുകൊന്നുവെന്നായിരുന്നു ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട്.
മദ്യലഹരിയിലായിരുന്ന ദീപേന്ദ്രയെ മുറിയിലേക്ക് മാറ്റിയെങ്കിലും എന്നാല്‍ യുദ്ധസജ്ജമായ വേഷത്തില്‍ എം-16 അസോള്‍ട്ട് റൈഫിള്‍, എംപി-5 സബ് മെഷീന്‍ ഗണ്‍, ഗ്ലോക്ക് പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങളുമായി എത്തിയ അദ്ദേഹം പിതാവിനെയും മാതാവിനെയും സഹോദരനെയും സഹോദരിയെയും ഉള്‍പ്പെടെ നിരവധി ബന്ധുക്കളെ വെടിവെച്ചശേഷം സ്വയം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോമയിലായിരുന്ന ദീപേന്ദ്രയെ പിന്നീട് നേപ്പാളിന്റെ രാജാവായി പ്രഖ്യാപിച്ചെങ്കിലും മൂന്നു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മാവനായ ജ്ഞാനേന്ദ്ര ഷായാണ് സിംഹാസനത്തിലേറിയത്.
രാജാവ് ബിരേന്ദ്ര ബീര്‍ ബിക്രം ഷാ ദേവ്, രാജ്ഞി ഐശ്വര്യ രാജലക്ഷ്മി ദേവി ഷാ, ഇളയമകന്‍ നിരാജന്‍, മകള്‍ ശ്രുതി, ശ്രുതിയുടെ ഭര്‍ത്താവ് കുമാര്‍ ഗോറഖ്, രാജാവിന്റെ സഹോദരന്‍ ധീരേന്ദ്ര, സഹോദരിമാരില്‍ ഒരാളായ ശോഭ, മറ്റൊരു രാജകുടുംബാംഗമായ ജയന്തി, ഖഡ്ഗ ബിക്രം ഷായുടെ ഭാര്യ ശരദ ഷാ എന്നിവരുള്‍പ്പെടെ ആകെ 10 പേരാണ് കൊല്ലപ്പെട്ടത്.
ദീപേന്ദ്രയുടെ വിവാഹത്തെച്ചൊല്ലിയുണ്ടായ കുടുംബ വിവാദവും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നേപ്പാളിലെ പ്രമുഖ കുടുംബത്തില്‍പ്പെട്ട ദേവ്യാനി റാണയെ വിവാഹം കഴിക്കുന്നതിനെ രാജകുടുംബം എതിര്‍ത്തതില്‍ ദീപേന്ദ്ര അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹം മുന്നോട്ടുകൊണ്ടുപോയാല്‍ കിരീടാവകാശം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് ലഭിച്ചതാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ അദ്ദേഹത്തെ അക്രമാസക്തനാക്കിയതെന്നുമായിരുന്നു വിശദീകരണം.
സംഭവം നടന്ന രാത്രിയില്‍ രാജകൊട്ടാരത്തില്‍ നിന്ന് വിട്ടുനിന്ന ഏക വ്യക്തി രാജാവ് ബിരേന്ദ്രയുടെ സഹോദരനും പിന്നീട് രാജാവുമായ ജ്ഞാനേന്ദ്ര ഷാ ആയിരുന്നുവെന്നതാണ് പ്രധാന സംശയങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ ഭാര്യയും മകനും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ ബീരേന്ദ്രയുടെ കുടുംബം മുഴുവന്‍ കൊല്ലപ്പെട്ടു.
ദീപേന്ദ്ര ഇടത് ചെവിയുടെ മുകള്‍ഭാഗത്ത് സ്വയം വെടിവെച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ അദ്ദേഹം വലംകൈ ഉപയോഗിക്കുന്ന വ്യക്തിയായിരുന്നുവെന്നതിനാല്‍ ഇതും സംശയങ്ങള്‍ക്ക് ഇടയാക്കി. കൂടാതെ വെടിവയ്പ്പ് നടന്ന കൊട്ടാരവിഭാഗം പിന്നീട് പൂര്‍ണമായും പൊളിച്ചുമാറ്റിയതോടെ ഭാവിയില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനുള്ള സാധ്യതയും ഇല്ലാതായി.
നേപ്പാളിലെ സാധാരണ ജനങ്ങള്‍ക്ക് രാജാവ് ബിരേന്ദ്ര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ ദുരൂഹമരണം ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം മറച്ചുവെക്കുകയും പിന്നീട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയില്‍ പുറത്തുവിടുകയും ചെയ്തതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന കേശവ് പ്രസാദ് ഉപാധ്യായ അധ്യക്ഷനായ അന്വേഷണ സംഘത്തില്‍ ജനപ്രതിനിധി സഭാ സ്പീക്കറായിരുന്ന തരാനാഥ് റാണാഭട്ടും പ്രതിപക്ഷ നേതാവായിരുന്ന മാധവ് കുമാര്‍ നേപ്പാളും അംഗങ്ങളായിരുന്നു. എന്നാല്‍ പാര്‍ലമെന്റല്ല, കൊട്ടാരമാണ് സമിതിക്ക് രൂപം നല്‍കിയതെന്നാരോപിച്ച് മാധവ് കുമാര്‍ നേപ്പാള്‍ ഉടന്‍ രാജിവെച്ചു.
വെറും ആറു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതും റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കി. ഫോറന്‍സിക് തെളിവുകള്‍ ഇല്ലായിരുന്നുവെന്നും മൃതദേഹങ്ങള്‍ സ്വതന്ത്ര പരിശോധനകള്‍ക്ക് മുമ്പേ ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചുവെന്നുമാണ് വിമര്‍ശനം.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള വിവിധ സിദ്ധാന്തങ്ങളാണ് പിന്നീട് പ്രചരിച്ചത്. പ്രാദേശിക ഭൂ- രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ രാജാവ് ബിരേന്ദ്ര തയ്യാറായിരുന്നില്ലെന്ന കാരണത്താലാണ് വിദേശ ശക്തികള്‍ ഇടപെട്ടതെന്നാണ് ഈ വാദങ്ങള്‍.
2010ല്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ ബിരേന്ദ്രയെ അധികാരത്തില്‍നിന്ന് നീക്കാന്‍ ബാഹ്യ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്രാളയും മറ്റ് ചിലരും വിദേശ ശക്തികളുടെ വലിയ പദ്ധതിയുടെ ഭാഗമായിരുന്നു കൂട്ടക്കൊലയെന്ന് അഭിപ്രായപ്പെട്ടിരുന്നു.
നേപ്പാളിന്റെ സമകാലിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം വര്‍ഷങ്ങളായി ശക്തമാണ്. 2009ല്‍ മാധവ് കുമാര്‍ നേപ്പാള്‍ നാരായണ്‍ഹിതി കൊട്ടാരം സന്ദര്‍ശിച്ച് പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഫെഡറല്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായ പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡയും കേസ് വീണ്ടും അന്വേഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2024ല്‍ മുന്‍ രാജാവ് ജ്ഞാനേന്ദ്ര ഷായും ദീര്‍ഘകാല മൗനം വെടിഞ്ഞ് സംശയങ്ങള്‍ രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതാണെന്നും' സത്യം പറയാന്‍ കഴിയുന്ന സാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും പറഞ്ഞിരുന്നു.
പുതിയ അന്വേഷണം 12 ചോദ്യങ്ങള്‍ക്കാണ് ഉത്തരം തേടുന്നത്. കിരീടാവകാശി ദീപേന്ദ്ര മാത്രമായിരുന്നോ വെടിവയ്പ്പിന് പിന്നില്‍, സംഭവരാത്രിയില്‍ ജ്ഞാനേന്ദ്ര കൊട്ടാരത്തില്‍ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്, ജ്ഞാനേന്ദ്രയുടെ ഭാര്യയും മകനും എങ്ങനെ രക്ഷപ്പെട്ടു, റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ദീപേന്ദ്ര സ്വയം വെടിവെച്ചതാണോ, അന്വേഷണം വെറും ആറു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് എന്തുകൊണ്ട്, എന്തുകൊണ്ട് സ്വതന്ത്ര ഫോറന്‍സിക് അന്വേഷണം നടന്നില്ല, മൃതദേഹങ്ങള്‍ ഇത്ര വേഗത്തില്‍ ദഹിപ്പിച്ചത് എന്തിനായിരുന്നു, കൊട്ടാരത്തിന്റെ ആ ഭാഗം എന്തുകൊണ്ട് പിന്നീട് പൊളിച്ചുമാറ്റി, ദീപേന്ദ്രയുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രം ഈ കൂട്ടക്കൊലയ്ക്ക് കാരണമായിരുന്നോ, രാഷ്ട്രീയമോ വിദേശശക്തികളോ സംഭവത്തില്‍ പങ്കാളികളായിരുന്നോ, വിവരങ്ങള്‍ വൈകിയും വൈരുധ്യങ്ങളോടെയും പുറത്തുവന്നത് എന്തുകൊണ്ട്, മറച്ചുവെച്ച ഫോറന്‍സിക് തെളിവുകളുണ്ടായിരുന്നോ, നിലവിലുള്ള സാക്ഷിമൊഴികള്‍ എത്രത്തോളം വിശ്വസനീയമാണ് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം തേടുന്നത്.
