ഇന്ത്യന്‍ മസാലക്കൂട്ടുകളുടെ ഇറക്കുമതി നേപ്പാളും നിരോധിച്ചു

ഇന്ത്യന്‍ മസാലക്കൂട്ടുകളുടെ ഇറക്കുമതി നേപ്പാളും നിരോധിച്ചു


കാഠ്മണ്ഡു: സിംഗപ്പൂരിനും ഹോങ് കോങിനും പിന്നാലെ നേപ്പാളും ഇന്ത്യന്‍ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു. മോശം ഗുണനിലവാരത്തെത്തുടര്‍ന്നാണ് നടപടി. 

ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവകുപ്പാണ് നിരോധനത്തിന് നിര്‍ദ്ദേശിച്ചത്. 

എം ഡി എച്ച് കമ്പനിയുടെ മദ്രാസ് കറി പൗഡര്‍, സാംബാര്‍ മിക്‌സഡ് മസാലപ്പൊടി, മിക്‌സഡ് മസാല കറി പൗഡര്‍ എന്നിവയും എവറസ്റ്റിന്റെ ഫിഷ് കറി മസാലയും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്.

എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കൂടുതലാണെന്ന് കാണിച്ചാണ് സിംഗപ്പൂരും ഹോങ് കോങും കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള കറി പൗഡറുകള്‍ നിരോധിച്ചത്. 

നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ മസാലക്കൂട്ടുകളുടെ ഗുണനിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടെങ്കിലും പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. മൂന്നാമത്തെ രാജ്യവും നിരോധനം ഏര്‍പ്പെടുത്തിയതോടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി അറിയിച്ചു. 

പുതിയ ആരോപണം രംഗത്തെത്തിയതോടെ ഇന്ത്യന്‍ മസാലക്കൂട്ടുകളുടെ കയറ്റുമതി വരുമാനത്തില്‍ 40 ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നാല് ബില്യണ്‍ യു എസ് ഡോളറാണ് 180 രാജ്യങ്ങളില്‍ നിന്നായി മസാലക്കൂട്ടുകളുടെ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്.