നവാസ് ഷരീഫിന്റെ കൊച്ചുമകന്റെ വിവാഹം: ഇന്ത്യൻ ഡിസൈനർമാരുടെ വേഷം ധരിച്ച് വധു, പാകിസ്ഥാനിൽ ചർച്ച

നവാസ് ഷരീഫിന്റെ കൊച്ചുമകന്റെ വിവാഹം: ഇന്ത്യൻ ഡിസൈനർമാരുടെ വേഷം ധരിച്ച് വധു, പാകിസ്ഥാനിൽ ചർച്ച


ലാഹോർ:  പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കൊച്ചുമകൻ ജൂനൈദ് സഫ്ദറും ഷൻസേ അലി റോഹൈലും തമ്മിലുള്ള വിവാഹം ലാഹോറിൽ ഗംഭീരമായി നടന്നു. നിക്കാഹ്, മെഹന്ദി ഉൾപ്പെടെ പല ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. എന്നാൽ ആഘോഷങ്ങളുടെ ഭംഗിക്കപ്പുറം, വധുവിന്റെ വേഷധാരണയാണ് ഇപ്പോൾ പാകിസ്ഥാൻ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവച്ചത്.

മെഹന്ദി ചടങ്ങിൽ ഷൻസേ ധരിച്ചത് പ്രശസ്ത ഇന്ത്യൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ പച്ചയും ചുവപ്പും നിറങ്ങളിലുള്ള കനത്ത അലങ്കാരമുള്ള ലെഹങ്കയായിരുന്നു. തുടർന്ന് വിവാഹച്ചടങ്ങിൽ താരം തിരഞ്ഞെടുത്തത് മറ്റൊരു ഇന്ത്യൻ ഡിസൈനറായ തരുൺ താഹിലിയാനിയുടെ സാരിയായിരുന്നു. വജ്രാഭരണങ്ങളോടൊപ്പം വലിയ എമറാൾഡ് പതിച്ച ഹാരവും വേഷത്തെ കൂടുതൽ ശ്രദ്ധേയമാക്കി. ഷൻസേ, നവാസ് ഷരീഫിന്റെ അടുത്ത അനുയായിയായിരുന്ന റോഹൈൽ അസ്ഗറിന്റെ കൊച്ചുമകളാണ്.

ഇന്ത്യൻ ഡിസൈനർമാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തതോടെ പാകിസ്ഥാനിൽ അഭിപ്രായഭിന്നതകൾ ഉയർന്നു. 'പാകിസ്ഥാൻ ഡിസൈനർമാർക്ക് ഇതിലും മികച്ച വേഷങ്ങൾ ഒരുക്കാനായേനെ' എന്ന വിമർശനങ്ങൾക്കൊപ്പം, 'ഇന്ത്യൻ ഡിസൈനർമാരോടുള്ള ഈ അമിത ആസ്വാദനം എന്തിന്' എന്ന ചോദ്യങ്ങളും ഉയർന്നു. ചിലർ ഇത് രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിമർശിക്കുകയും ചെയ്തു.

അതേസമയം, വധുവിന്റെ തെരഞ്ഞെടുപ്പിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. 'ഇന്ത്യക്കാർ പാകിസ്ഥാൻ ഡിസൈനർമാരുടെ വേഷങ്ങൾ ധരിക്കുന്നില്ലേ, അതുപോലെ ഇവിടെയും അത് സ്വാഭാവികമാണ്' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'വിവാഹം വധുവിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ തീരുമാനമാണ്; അവർ ഇഷ്ടമുള്ളത് ധരിക്കട്ടെ' എന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.

ജൂനൈദ് സഫ്ദർ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസ് ഷരീഫിന്റെയും മുഹമ്മദ് സഫ്ദർ അവാന്റെയും മകനാണ്. മറിയം നവാസ്, പാകിസ്ഥാനിൽ ഒരു പ്രവിശ്യയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിതയാണ്. ജൂനൈദിന്റെ രണ്ടാമത്തെ വിവാഹമാണിത്. 2021ൽ നടന്ന ആദ്യ വിവാഹം 2023 ഒക്ടോബറിൽ വിവാഹമോചനത്തിൽ കലാശിച്ചിരുന്നു.

ഗംഭീര വിവാഹാഘോഷങ്ങൾ അവസാനിച്ചെങ്കിലും, വേഷധാരണയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും പാകിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്.