വിറപ്പിക്കാൻ നോക്കേണ്ട, യൂറോപ്പിനെ ഇറാൻ ആക്രമിച്ചാൽ നേരിടാൻ സജ്ജമെന്ന് നാറ്റോ; 'ഞങ്ങളുടെ പ്രതിരോധ-പ്രത്യാക്രമണ ശേഷി ശക്തവും ഫലപ്രദവുമാണ്'

വിറപ്പിക്കാൻ നോക്കേണ്ട, യൂറോപ്പിനെ ഇറാൻ ആക്രമിച്ചാൽ നേരിടാൻ സജ്ജമെന്ന് നാറ്റോ; 'ഞങ്ങളുടെ പ്രതിരോധ-പ്രത്യാക്രമണ ശേഷി ശക്തവും ഫലപ്രദവുമാണ്'


ലണ്ടൻ: പാളയത്തിൽ കയറി വെടിപൊട്ടിക്കുമെന്ന് പറഞ്ഞ് വിറപ്പിക്കാൻ നോക്കേണ്ടെന്നാണ് ഇറാന് നാറ്റോ മറുപടി നൽകിയിരിക്കുന്നത്. യൂറോപ്പിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കവേയാണ് നാറ്റോയുടെ ഉദ്യോ​ഗസ്ഥൻ ഇത്തരത്തിൽ വ്യക്തമാക്കിയത്. ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും അംഗരാജ്യങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സഖ്യത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം വീണ്ടും രൂക്ഷമാക്കാൻ തീരുമാനിച്ചാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ ആലോചിക്കുന്നതായി 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടാണ് നാറ്റോ ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചത്. "ഏത് ഭീഷണിയെയും നേരിടാൻ ഈ സൈനിക സഖ്യം സജ്ജമാണ്; സഖ്യകക്ഷികളെയെല്ലാം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ എപ്പോഴും ചെയ്യും, ഞങ്ങളുടെ പ്രതിരോധ-പ്രത്യാക്രമണ ശേഷി ശക്തവും ഫലപ്രദവുമാണ്,"- നാറ്റോ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

"ഈ വർഷം ആദ്യം ഇറാനിൽ നിന്ന് തുർക്കി ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകളെ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നാല് വ്യത്യസ്ത അവസരങ്ങളിൽ വിജയകരമായി തടഞ്ഞിരുന്നു; ഇതിലൂടെ നമ്മുടെ പ്രതിരോധ-പ്രത്യാക്രമണ ശേഷി ശക്തവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ചിലാണ് തുർക്കി ലക്ഷ്യമാക്കി ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ എത്തിയത്. എന്നാൽ, തങ്ങൾ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു അന്ന് ഇറാൻ പറഞ്ഞിരുന്നത്. അതിന് പിന്നാലെ മാർച്ചിൽ തന്നെ സൈപ്രസിനു നേരെയും ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഈ സാഹചര്യത്തിൽ പുതിയൊരു നീക്കമുണ്ടായാൽ ബൾഗേറിയയിലെയും സൈപ്രസിലെയും യുഎസ് സൈനിക കേന്ദ്രങ്ങളാകും ടെഹ്‌റാൻ്റെ ആക്രമണ ലക്ഷ്യങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസ് ഇന്ധന-വിതരണ വിമാനങ്ങൾക്കായി തങ്ങളുടെ ബെസ്മർ വ്യോമതാവളം ഉപയോഗിക്കാൻ ബൾഗേറിയ അടുത്തിടെ അനുമതി നൽകിയിരുന്നു. അതേസമയം, ദ്വീപ് രാഷ്ട്രമായ സൈപ്രസിൽ ഒരു ബ്രിട്ടീഷ് സൈനിക താവളവുമുണ്ട്. ഈ താവളത്തിന് നേരെയും കഴിഞ്ഞ മാർച്ചിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇത് കൂടാതെ, സംഘർഷം വ്യാപിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലെ കടലിനടിയിലുള്ള ഫൈബർ-ഓപ്റ്റിക് കേബിളുകൾ ആക്രമിക്കാനുള്ള സാധ്യതയും ഇറാനിയൻ സേന പരിശോധിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.