നാസ: 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്ന ചരിത്രദിനമായി ഏപ്രിൽ 1 മാറി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ വിക്ഷേപണം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് നടന്നു.
ദൗത്യത്തിന്റെ ഭാഗമായി 'ഇന്റഗ്രിറ്റി' എന്ന് പേരിട്ട ഒറിയോൺ സ്‌പെയ്‌സ് ക്രാഫ്റ്റ് പേടകമാണ് അസ്‌ട്രോണോട്ടുകളെ ചന്ദ്രനിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. 1972ൽ നടന്ന അുീഹഹീ 17 ദൗത്യത്തിന് ശേഷം മനുഷ്യർ ഡീപ്പ് സ്‌പേസിലേക്ക് പോകുന്ന ആദ്യ അവസരമാണിത്.
വിക്ഷേപണത്തിന് മുന്നോടിയായി ദൗത്യത്തിന്റെ സമയക്രമം അനുസരിച്ച് നിർണായക നടപടികൾ പൂർത്തിയാക്കി. ഇന്നലെ രാത്രി തന്നെ നാലു അസ്‌ട്രോണോട്ടുകൾ ലോഞ്ച് പാഡിലേക്ക് യാത്രയായി. കെനഡി സ്‌പേസ് സെന്ററിലെ നീൽ ആംസ്‌ട്രോംഗ് ഓപ്പറേഷൻസ് ആൻഡ് ചെക്ക്ഔട്ട് ബിൽഡിംഗിൽ നിന്ന് അവർ പുറപ്പെടുമ്പോൾ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് ആവേശത്തോടെ യാത്രയയപ്പ് നൽകി.
തുടർന്ന് റോക്കറ്റിന്റെ ടാങ്കിംഗ് പ്രവർത്തനങ്ങൾ പുരോഗമിച്ചു. ലിക്വിഡ് ഓക്‌സിജൻ നിറയ്ക്കൽ വിജയകരമായി പൂർത്തിയായത് നിർണായക ഘട്ടമായി. കൗണ്ട്ഡൗൺ മുന്നേറുന്നതിനിടെ ഫ്‌ളൈറ്റ് ടെർമിനേഷൻ സിസ്റ്റവുമായി ബന്ധപ്പെട്ട ആശയവിനിമയ പ്രശ്‌നം കണ്ടെത്തിയെങ്കിലും എൻജിനീയർമാർ അത് വേഗത്തിൽ പരിഹരിച്ചു. പൊതുസുരക്ഷയ്ക്ക് നിർണായകമായ ഈ സംവിധാനത്തിന്റെ പ്രവർത്തനം പരിശോധനകൾക്കു ശേഷം ഉറപ്പാക്കി.
ഇതിനിടെ ലോഞ്ച് അബോർട്ട് സിസ്റ്റത്തിന്റെ ഹാച്ച് അടച്ചതോടെ ഓറിയൺ പേടകം പൂർണമായും സീൽ ചെയ്തു. അവസാന പരിശോധനകളും പൂർത്തിയാക്കി ടെക്‌നിക്കൽ സംഘം ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് പിന്മാറി.
വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൗണ്ട്ഡൗൺ അന്തിമഘട്ടമായ 'ടെർമിനൽ കൗണ്ട്' പ്രവേശിച്ചു. ഈ ഘട്ടത്തിൽ SLS റോക്കറ്റിന്റെയും ഓറിയൺ പേടകത്തിന്റെയും എല്ലാ സംവിധാനങ്ങളും ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്ന ഓട്ടോമേറ്റഡ് നടപടികൾ നടന്നു.
ദൗത്യത്തിന്റെ ഭാഗമായി 'റൈസ്' എന്ന ചെറിയ സോഫ്റ്റ് ടോയി സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്ററായി യാത്ര ചെയ്യും. ഇതിൽ 5.6 മില്യൺ പേരുടെ പേരുകൾ ഉൾപ്പെടുത്തിയ മെമ്മറി കാർഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ സംവിധാനങ്ങളും സജ്ജമായതോടെ മനുഷ്യന്റെ ചന്ദ്രയാത്രയുടെ പുതിയ അധ്യായത്തിന് തുടക്കമായി. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വിക്ഷേപണം ബഹിരാകാശ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കും.
ചന്ദ്രയാത്രയ്ക്ക് മനുഷ്യൻ വീണ്ടും: ആർട്ടെമിസ് II വിക്ഷേപണം ചരിത്ര നിമിഷം
