കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനങ്ങള്‍ വിതച്ച നാശത്തിന്റെ വ്യാപ്തി നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമായി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍-1 ഉപഗ്രഹത്തിലെ റഡാര്‍ വിവരങ്ങള്‍ വിശകലനം ചെയ്ത ഗവേഷകര്‍ ഏകദേശം 58,870 കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നതായി പ്രാഥമിക വിലയിരുത്തല്‍ നടത്തി.
ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ കോറി സെഷര്‍, ജമോന്‍ വാന്‍ ഡെന്‍ ഹോക്ക് എന്നിവരാണ് ജൂണ്‍ 25ന്, ഭൂചലനത്തിന് തൊട്ടുപിന്നാലെ ശേഖരിച്ച റഡാര്‍ വിവരങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഒരു മിനിറ്റില്‍ താഴെ ഇടവേളയില്‍ വെനസ്വേലയുടെ വടക്കന്‍ തീരപ്രദേശത്ത് ഉണ്ടായത്. ശക്തമായ ഭൂചലനങ്ങള്‍ വ്യാപകമായ അടിസ്ഥാനസൗകര്യ നാശത്തിനും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിനും കാരണമായി.
ഉപഗ്രഹ ചിത്രങ്ങളില്‍ നിരവധി നഗരപ്രദേശങ്ങളില്‍ വ്യാപകമായ ഭൂതല വ്യതിയാനങ്ങളും ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിന്റെ സൂചനകളും വ്യക്തമാണ്. ദുരന്തബാധിത തീരപ്രദേശങ്ങളിലെ നിരവധി താമസമേഖലകള്‍ അവശിഷ്ടക്കൂമ്പാരങ്ങളായി മാറിയതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ആശുപത്രി രേഖകള്‍ പ്രകാരം ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,700 കവിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ നാസ വിവിധ ഉപഗ്രഹങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. തത്സമയ ഭൗമവിവരങ്ങള്‍ ഉപയോഗിച്ച് റോഡ് തടസ്സങ്ങള്‍ കണ്ടെത്താനും രക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുന്ന സുരക്ഷിത സ്ഥലങ്ങള്‍ തിരിച്ചറിയാനും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ദുരിതബാധിതരിലേക്ക് സഹായം എത്തിക്കാനുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നത്.
മണ്ണിടിച്ചിലും റോഡുകള്‍ തകര്‍ന്നതും കാരണം നിരവധി തീരദേശ പട്ടണങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
തുറമുഖവും വിമാനത്താവളവും ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി.
മാനുഷിക സഹായം എത്തിക്കുന്ന പ്രധാന കേന്ദ്രമായ പോര്‍ട്ട് ഓഫ് ലാ ഗ്വയിറയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിങ്കളാഴ്ച മുതല്‍ പരിമിതമായ പ്രവര്‍ത്തനം പുനരാരംഭിച്ചു. സൈമണ്‍ ബൊലിവര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഭൂചലനം ഉണ്ടായി് അഞ്ച് ദിവസം പിന്നിട്ടതോടെ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള സാധ്യത കുറയുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. എന്നിരുന്നാലും തീരദേശ നഗരമായ ടനഗ്വരീനയില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 21-കാരനെ ജീവനോടെ രക്ഷപ്പെടുത്തിയത് പ്രതീക്ഷയ്ക്ക് കരുത്തേകി.
യുനൈറ്റഡ് നേഷന്‍സിന്റെ കണക്കുപ്രകാരം ഗുരുതരമായി ബാധിക്കപ്പെട്ട മേഖലയില്‍ ഏകദേശം 70 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ വലിയൊരു വിഭാഗത്തിന് ശുദ്ധജലം, വൈദ്യുതി, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ലഭ്യമല്ല.
27 രാജ്യങ്ങളില്‍ നിന്നുള്ള 37 തിരച്ചില്‍- രക്ഷാപ്രവര്‍ത്തന സംഘങ്ങളും 2,000ത്തിലധികം വിദഗ്ധരും 160 സ്‌നിഫര്‍ നായ്ക്കളും ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാനുഷിക ദുരന്തത്തിനൊപ്പം വെനസ്വേലയുടെ സമ്പദ്വ്യവസ്ഥയ്ക്കും ഭൂചലനം വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ദുരന്തം മൂലമുള്ള സാമ്പത്തിക നഷ്ടം 6.7 ബില്യണ്‍ യു എസ് ഡോളര്‍ വരെയാകാമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം ആറ് ശതമാനത്തിന് തുല്യമാണ്.
