വാഷിങ്ടണ്‍: ഈ വര്‍ഷം അതിശക്തമായ 'സൂപ്പര്‍ എല്‍ നിനോ' പ്രതിഭാസം രൂപപ്പെടുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ക്ക് പിന്തുണയുമായി നാസയുടെ പുതിയ കണ്ടെത്തല്‍. ദക്ഷിണ അമേരിക്കന്‍ തീരത്തോട് ചേര്‍ന്ന പസഫിക് സമുദ്രത്തില്‍ നൂറുകണക്കിന് കിലോമീറ്റര്‍ വ്യാപ്തിയുള്ള അസാധാരണമായ ചൂടുവെള്ള പ്രവാഹം ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ഇത് സൂപ്പര്‍ എല്‍ നിനോയുടെ ഏറ്റവും ശക്തമായ മുന്നറിയിപ്പ് സൂചനയാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങളിലൊന്നായിരിക്കുമിതെന്നും രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ഏറ്റവും വിനാശകരമായതായി കണക്കാക്കപ്പെടുന്ന 1877-ലെ എല്‍ നിനോയോട് താരതമ്യം ചെയ്യാവുന്ന സംഭവമായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
സാധാരണയായി പസഫിക് സമുദ്രത്തിലെ കാറ്റുകള്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് വീശുന്നത്. ഇതുവഴി ചൂടുവെള്ളം ദക്ഷിണ അമേരിക്കന്‍ തീരങ്ങളില്‍ നിന്ന് ഏഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും നീങ്ങുന്നു.
എന്നാല്‍ എല്‍ നിനോ കാലത്ത് ഈ കാറ്റുകളുടെ ശക്തി കുറയുകയോ ദിശ മാറുകയോ ചെയ്യും. അതോടെ ചൂടുവെള്ളം വീണ്ടും കിഴക്കോട്ട്, ദക്ഷിണ അമേരിക്കന്‍ തീരങ്ങളിലേക്ക് ഒഴുകിയെത്തുന്നു. സമുദ്രത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഈ പ്രതിഭാസം സാധാരണയായി രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള ഇടവേളകളിലാണ് സംഭവിക്കുന്നത്.
2020-ല്‍ വിക്ഷേപിച്ച 'സെന്റിനല്‍-6 മൈക്കിള്‍ ഫ്രെയ്ലിച്ച്' ഉപഗ്രഹമാണ് പുതിയ വിവരങ്ങള്‍ ശേഖരിച്ചത്. എല്‍ നിനോ രൂപപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് പസഫിക് സമുദ്രത്തിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്ന ചൂടുവെള്ള തരംഗങ്ങളായ 'കെല്‍വിന്‍ വേവുകള്' കണ്ടെത്തിയതായി നാസ അറിയിച്ചു.
എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്നതിന് മുമ്പ് സമുദ്രനിരപ്പ് ഉയരുകയും ചൂടുവെള്ളം കിഴക്കോട്ട് നീങ്ങുകയും ചെയ്യുന്നു. 2026-ലെ ഉപഗ്രഹ നിരീക്ഷണങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി തരംഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.
നാസ ആസ്ഥാനത്തെ പ്രധാന ശാസ്ത്രജ്ഞയായ നാദ്യ വിനോഗ്രഡോവ ഷിഫറിന്റെ അഭിപ്രായത്തില്‍ ഈ ഉപഗ്രഹത്തിന് പസഫിക്കിലൂടെ സഞ്ചരിക്കുന്ന വമ്പന്‍ കെല്‍വിന്‍ തരംഗങ്ങളെ നിരീക്ഷിക്കാനും കാലാവസ്ഥാ അതിരൂക്ഷതകളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമാക്കാനും കഴിയും.
ലോക കാലാവസ്ഥാ സംഘടന പുറത്തിറക്കിയ പുതിയ വിലയിരുത്തല്‍ പ്രകാരം 2026 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ എല്‍ നിനോ രൂപപ്പെടാന്‍ 80 ശതമാനം സാധ്യതയുണ്ട്.
ഇതിനകം ഉറപ്പായ എല്‍ നിനോ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് കൂടുതല്‍ ഇന്ധനം പകരുമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്കി.
സംഭവം ശക്തമായാല്‍ ആഗോള ശരാശരി താപനില ഗണ്യമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, കാട്ടുതീ, അതിശക്തമായ മഴ, വെള്ളപ്പൊക്കം, സമുദ്ര താപനില വര്‍ധന എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍ പ്രകാരം പടിഞ്ഞാറന്‍ വടക്കേ അമേരിക്ക, മധ്യ അമേരിക്ക,
കരീബിയന്‍ മേഖല, യൂറോപ്പ്, വടക്കേ ആഫ്രിക്ക,
ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടും. ദക്ഷിണാര്‍ധഗോള രാജ്യങ്ങളിലും ചൂട് വര്‍ധിക്കുമെന്ന് പ്രവചിക്കുന്നു.
ഈ സൂപ്പര്‍ എല്‍ നിനോ മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാവി പ്രത്യാഘാതങ്ങളിലേക്കുള്ള ഒരു ജാലകമായിരിക്കുമെന്നാണ് ചില ഗവേഷകരുടെ വിലയിരുത്തല്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭൂമിയുടെ കാലാവസ്ഥ ഇന്നുതന്നെ അനുഭവിക്കുന്നതുപോലെയായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
2015-ലെയും 1997-ലെയും ശക്തമായ എല്‍ നിനോകളെ അപേക്ഷിച്ച് ഇത്തവണ പ്രതിഭാസം അല്പം വൈകിയാണ് ആരംഭിച്ചതെങ്കിലും അതിവേഗം ശക്തിപ്രാപിക്കുന്ന ലക്ഷണങ്ങളാണ് കാണുന്നതെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ സമുദ്രനിരപ്പ് ഗവേഷകനായ ജോഷ് വില്ലിസ് പറഞ്ഞു.
സൂപ്പര്‍ എല്‍ നിനോയുടെ രൂപീകരണം ഉറപ്പാകുന്നതോടെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും ദുരന്തനിവാരണ ഏജന്‍സികളും കാര്‍ഷിക മേഖലയുമെല്ലാം മുന്നൊരുക്കങ്ങള്‍ ശക്തമാക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
