ടെഹ്‌റാന്‍: അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാനിലെ ഖേഷ്ം ദ്വീപില്‍ തിങ്കളാഴ്ച ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങളുടെ കാരണം വ്യക്തമല്ലെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇറാന്‍ അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, ഇറാനുമായി കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതിന് പിന്നാലെയാണ് സ്‌ഫോടനവാര്‍ത്ത പുറത്തുവന്നത്.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും എത്രയും വേഗം ഒരു ധാരണയിലെത്താന്‍ ടെഹ്‌റാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായി കരാര്‍ സാധ്യമായേക്കാമെന്നും അദ്ദേഹം കുറിച്ചു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പ്രതികരിച്ചു. കൂടുതല്‍ പുരോഗതിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടുത്ത രണ്ടുദിവസത്തിനുള്ളില്‍ തുറന്നുകൊടുക്കാന്‍ ഇറാന്‍ സന്നദ്ധമാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അമേരിക്ക ഇറാന്‍ മുന്നോട്ടുവച്ച ചില നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമായിരിക്കും ഇതെന്നാണ് വിവരം. ഗള്‍ഫ് മേഖലയിലെ എണ്ണയുള്‍പ്പെടെയുള്ള ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് നിര്‍ണായകമായ സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്.
ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശം ധാരണയിലെത്താനുള്ള രാജ്യത്തിന്റെ ആത്മാര്‍ഥമായ താല്‍പര്യത്തിന്റെ തെളിവാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു. ഇതു സംബന്ധിച്ച പദ്ധതി രണ്ടുദിവസത്തിനുള്ളില്‍ നടപ്പാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ സെപ്റ്റംബറിലും ഏഴുദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന നിര്‍ദേശം ഇറാന്‍ മുന്നോട്ടുവച്ചിരുന്നു.
എല്ലാ മേഖലകളിലെയും ശത്രുത അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുക, എണ്ണവ്യാപാരത്തിനുള്ള ഉപരോധങ്ങള്‍ നീക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന ഇരുരാജ്യങ്ങളുടെയും സൂചനകള്‍ക്കിടയിലും ഖേഷ്ം ദ്വീപിലുണ്ടായ സ്‌ഫോടനങ്ങളുടെ കാരണം വ്യക്തമാകാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംഭവത്തില്‍ ഇറാന്‍ അധികൃതരുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഇറാനിലെ ഖേഷ്ം ദ്വീപില്‍ സ്‌ഫോടനങ്ങള്‍; ടെഹ്‌റാനുമായി കരാറിന് സാധ്യതയെന്ന് ട്രംപ്
