ധാക്ക: ബംഗ്ലാദേശിലെ വരാനിരിക്കുന്ന 13-ാമത് ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജൂലൈ ദേശീയ ചാര്‍ട്ടറിനെക്കുറിച്ചുള്ള റഫറണ്ടത്തിലും സജീവമായി പങ്കെടുക്കാന്‍ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് പൗരന്മാരോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയും ജനാധിപത്യ ഘടനയും അടിസ്ഥാനപരമായി രൂപാന്തരം പ്രാപിക്കുന്ന നിര്‍ണായക നിമിഷമാണ് ഈ ഇരട്ട തെരഞ്ഞെടുപ്പുകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പൊതുതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ വര്‍ഷങ്ങളായുള്ള രാഷ്ട്രീയ അസ്ഥിരതക്കും നിലവിലെ സാഹചര്യം സൃഷ്ടിച്ച ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ശേഷമാണ് ബംഗ്ലാദേശ് ചരിത്രപരവും ഭാവി നിര്‍ണ്ണയിക്കുന്നതുമായ വഴിത്താരയിലെത്തിയിരിക്കുന്നതെന്ന് യൂനുസ് പറഞ്ഞു.
2024 ഓഗസ്റ്റില്‍ നടന്ന അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം 18 മാസങ്ങള്‍ക്ക് ശേഷമാണ് ഫെബ്രുവരി 12ന് 13-ാമത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 15 വര്‍ഷത്തെ ഹസീനയുടെ ഭരണകാലത്തിനാണ് ഇതോടെ വിരാമമാകുന്നത്.
51 രാഷ്ട്രീയ പാര്‍ട്ടികളും 2,000ലധികം സ്ഥാനാര്‍ഥികളും പങ്കെടുക്കുന്ന ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമുള്ള തിരഞ്ഞെടുപ്പുകളിലൊന്നാണ് ഇതെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. വിപുലമായ പങ്കാളിത്തം പുതിയ രാഷ്ട്രീയ ഉണര്‍വിനെയും മാറ്റത്തിനുള്ള ശക്തമായ ജനാഭിലാഷത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തിപരവും കക്ഷിപരവുമായ താത്പര്യങ്ങള്‍ക്ക് മുകളില്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തണമെന്ന് നൊബേല്‍ ജേതാവായ യൂനുസ് ആവശ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ അദ്ദേഹം പ്രചാരണമെന്നായി തള്ളിക്കളഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേല്‍ക്കുന്നയുടന്‍ സര്‍ക്കാരിന്റെ ചുമതല അവസാനിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായാല്‍ വേഗത്തിലും അഭിമാനത്തോടെയും അധികാരം കൈമാറാന്‍ ഇടക്കാല സര്‍ക്കാര്‍ തയ്യാറാണെന്ന് യൂനുസ് പറഞ്ഞു.
ജൂലൈ ദേശീയ ചാര്‍ട്ടറിനെക്കുറിച്ചുള്ള റഫറണ്ടത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം 30ലധികം രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ പരിഷ്‌കരണ ചട്ടക്കൂടിനെ അംഗീകരിക്കണമോ എന്നത് പൗരന്മാര്‍ക്ക് നേരിട്ട് തീരുമാനിക്കാനുള്ള ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ നടപടിയാണെന്ന് വിശേഷിപ്പിച്ചു.
അതേസമയം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രാഷ്ട്രീയ പ്രതികാരം നടത്തുകയാണെന്ന വിമര്‍ശനം യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഫെബ്രുവരി 12ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തീവെപ്പ്, സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകള്‍, നിരവധി മരണങ്ങള്‍, വ്യാപക അക്രമങ്ങള്‍ എന്നിവ നടന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
