ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് യുഎസ് ട്രൈറ്റൺ ഡ്രോൺ അപ്രത്യക്ഷമായി; അപകടമോ ആക്രമണമോ എന്ന ആശങ്ക

ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് യുഎസ് ട്രൈറ്റൺ ഡ്രോൺ അപ്രത്യക്ഷമായി; അപകടമോ ആക്രമണമോ എന്ന ആശങ്ക


വാഷിംഗ്ടൺ: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്നുകൊണ്ടിരുന്ന യുഎസ് നേവി ഡ്രോൺ MQ4C  ട്രൈറ്റൺ
അപ്രത്യക്ഷമായി. ഏകദേശം 200 മില്യൺ ഡോളർ വിലവരുന്ന ഈ ഉയർന്ന ശേഷിയുള്ള നിരീക്ഷണ വിമാനമാണ് അടിയന്തര സിഗ്‌നൽ നൽകിയതിന് പിന്നാലെ റഡാറിൽ നിന്ന് നഷ്ടമായത്.

പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും ഉൾപ്പെടെ മൂന്ന് മണിക്കൂർ നീണ്ട നിരീക്ഷണ ദൗത്യം പൂർത്തിയാക്കിയ ശേഷം ഇറ്റലിയിലെ സിഗൊനെല്ല എയർബേസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ '7700' എന്ന അടിയന്തര കോഡ് നൽകുകയും, അതിനുശേഷം ഡ്രോൺ അപ്രതീക്ഷിതമായി ഉയരം കുറച്ച് ഇറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നാലെ റഡാറിൽ നിന്ന് പൂർണമായും മറഞ്ഞതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡേറ്റ സൂചിപ്പിക്കുന്നു.

ഡ്രോൺ തകർന്നതാണോ, അതോ വെടിവെച്ച് വീഴ്ത്തിയതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് വീണ്ടും കപ്പൽഗതാഗതത്തിന് തുറക്കാൻ ഇറാൻ സമ്മതിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ദീർഘനേരം ഉയർന്ന ഉയരത്തിൽ പറന്നു നിരീക്ഷണം നടത്താൻ കഴിയുന്ന ട്രൈറ്റൺ ഡ്രോൺ, സമുദ്രപരിധികളിൽ വ്യാപകമായ വിവരശേഖരണത്തിനായി രൂപകൽപ്പന ചെയ്തതാണ്. 50,000 അടി ഉയരത്തിൽ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാനും 7,400 നോട്ടിക്കൽ മൈൽ ദൂരപരിധിയുമുള്ള ഈ ഡ്രോൺ, P-8A Poseidon പോലുള്ള നിരീക്ഷണ വിമാനങ്ങൾക്ക് നിർണായക സഹായവും നൽകുന്നു.

അതേസമയം, ഇറാൻ സംഘർഷത്തിൽ യുഎസിന്റെ ചെലവുകൾ കുത്തനെ ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെക്കൻഡിന് ഏകദേശം 10,300 ഡോളർ ചെലവഴിക്കുന്നുവെന്നാണ് കണക്കുകൾ. പ്രതിദിന ചെലവിൽ ഏറ്റവും വലിയ പങ്ക് മിസൈലുകൾക്കും ആയുധങ്ങൾക്കുമാണ്. വ്യോമനാവിക പ്രവർത്തനങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും വലിയ തുക ചിലവഴിക്കുന്നതായും വിലയിരുത്തൽ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ഗൾഫ് മേഖലയിലെ സുരക്ഷാവസ്ഥ വീണ്ടും ആശങ്ക ഉയർത്തുകയാണ്.