വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പുവെച്ചതിനെത്തുടര്‍ന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പങ്കാളിത്തത്തോടെ ചര്‍ച്ചകള്‍ ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലെബനനില്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തിയ്യതി സംബന്ധിച്ച് അന്തിമ ധാരണയായിട്ടുണ്ടോ എന്നത് വ്യക്തമല്ല.
ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച അന്തിമ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യസ്ഥതയില്‍ പങ്കാളികളായ രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലെബനനിലെ വെടിനിര്‍ത്തല്‍ തെഹ്‌റാനെ സംബന്ധിച്ചിടത്തോളം നിര്‍ണായക വിഷയമാണെന്നും അത് യു എസ്- ഇറാന്‍ ചര്‍ച്ചകളുടെ വിജയപരാജയത്തെ തന്നെ നിര്‍ണയിക്കാമെന്നും അറാഘ്ചി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിങ്ടണിനും തെഹ്‌റാനും ഇടയിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളായ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയിരുന്നു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം പകരുന്നതിനും കാരണമായ ധാരണാപത്രം നിലനിര്‍ത്താനുള്ള സമ്മര്‍ദം വര്‍ധിച്ചതോടെ എല്ലാ മേഖലകളിലെയും ശത്രുത അവസാനിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ഇസ്രായേലിന്മേല്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനനിലും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം.
ട്രംപ് ഭരണകൂടത്തിന്റെ പൊതുവിമര്‍ശനങ്ങള്‍ക്കും പ്രത്യേകിച്ച് ജെ ഡി വാന്‍സിന്റെ ശക്തമായ മുന്നറിയിപ്പിനും പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും വെള്ളിയാഴ്ച വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. എന്നാല്‍ ധാരണയ്ക്കുശേഷവും ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ ഇസ്രായേലിനെ താന്‍ വ്യക്തിപരമായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലെബനനിലെ സംഘര്‍ഷം വര്‍ധിക്കുന്നത് ഇറാനുമായി ബന്ധപ്പെട്ട സമാധാനശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചില സമയങ്ങളില്‍ ശാന്തത പാലിക്കുകയും വിവേകത്തോടെ പ്രവര്‍ത്തിക്കുകയും വേണം എന്നാണ് ട്രംപിന്റെ പ്രതികരണമെന്ന് എന്‍ ബി സി ന്യൂസ് റിപ്പോര്‍ട്ടര്‍ എക്‌സിലൂടെ അറിയിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോയെന്ന കാര്യത്തില്‍ ട്രംപ് പ്രതികരിച്ചില്ല.
ഇറാനുമായുള്ള ധാരണയെ എതിര്‍ക്കുന്ന ഇസ്രായേല്‍ നേതാക്കളെ ജെ ഡി വാന്‍സ് പരസ്യമായി വിമര്‍ശിച്ചിരുന്നു. നെതന്യാഹുവിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ 'യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും' ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ അമേരിക്കയെ വിമര്‍ശിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
