സമവായത്തിനായി നീക്കം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത ചർച്ചകൾ നിർണായകം
മസ്‌കത്ത് : മിഡിൽ ഈസ്റ്റിലെ സംഘർഷം തുടരുന്നതിനിടെ ഇറാനും പ്രാദേശിക രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച മാറ്റിവച്ചു. 'സമവായത്തിന്റെ താൽപര്യം മുൻനിർത്തിയാണ്' തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന യോഗം മാറ്റിവച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി അറിയിച്ചു.
ഒമാനിലെ തെക്കൻ നഗരമായ സലാലയിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇറാനും ഒമാനും തമ്മിൽ നടന്നുവരുന്ന ചർച്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പ്രാദേശിക രാജ്യങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
കൂടിക്കാഴ്ച മാറ്റിവച്ചെങ്കിലും മേഖലയിൽ സംഭാഷണത്തിനുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന സൂചനയാണ് ഒമാന്റെ പ്രതികരണം നൽകുന്നത്. മേഖലയിൽ സ്ഥിരതയും ദീർഘകാല സഹകരണവും ഉറപ്പാക്കുന്ന തരത്തിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് അൽബുസൈദി വ്യക്തമാക്കി.
അതേസമയം, ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഇന്ധനവിപണിയിലെ പ്രതിസന്ധിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യത്യസ്തമായ വിലയിരുത്തലാണ് മുന്നോട്ടുവച്ചത്. ആഗോള ഡീസൽ ക്ഷാമത്തിന് മധ്യപൂർവദേശത്തെ സംഘർഷമല്ല കാരണമെന്നും റഷ്യയിലെ എണ്ണ സംവിധാനങ്ങൾക്കെതിരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
റഷ്യയിലെ ഡീസൽ ഉൽപാദന സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ ലോകത്തെ മുഴുവൻ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള സംഘർഷം അവസാനിക്കുമെന്ന തന്റെ മുൻനിലപാട് ആവർത്തിച്ച ട്രംപ്, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് (മിഡ്‌ടേംസ്) പിന്നാലെ യുദ്ധം അവസാനിക്കുമെന്നും, അതിന് മുമ്പുതന്നെ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഇറാൻ കരാറിനായി താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ യുഎസിന് അംഗീകരിക്കാനാകുന്ന 'ശരിയായ കരാർ' മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാനിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും ഇറാനും തമ്മിലുള്ള തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിൽ തനിക്ക് എതിർപ്പില്ലെന്നും വിഷയം ബന്ധപ്പെട്ട രാജ്യങ്ങൾ തീരുമാനിക്കേണ്ടതാണെന്നും ട്രംപ് പ്രതികരിച്ചു.
ഹോർമുസ് വീണ്ടും കേന്ദ്രബിന്ദു
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോഴത്തെ പ്രതിസന്ധിയുടെ നിർണായക കേന്ദ്രമായി മാറിയിരിക്കുകയാണ്. അതുവഴിയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാൻ ഇറാനും ഒമാനും നടത്തുന്ന ചർച്ചകൾക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയും ധാരണയും ഉറപ്പാക്കേണ്ടതുണ്ട്.
അതിനാൽ തന്നെ യോഗം മാറ്റിവച്ചത് ചർച്ചകൾ പരാജയപ്പെട്ടതിന്റെ സൂചനയാണോ, അതോ കൂടുതൽ വിശാലമായ സമവായത്തിനുള്ള സമയം ഒരുക്കാനുള്ള നയതന്ത്ര നീക്കമാണോ എന്നതാണ് ഇനി ശ്രദ്ധേയം. സംഘർഷം നീളുന്നതിനനുസരിച്ച് എണ്ണവില, കപ്പൽ ഗതാഗതം, ആഗോള ഇന്ധനവിതരണം എന്നിവയിൽ സമ്മർദം കൂടുമെന്നതിനാൽ ഹോർമുസ് കേന്ദ്രീകരിച്ചുള്ള നയതന്ത്ര നീക്കങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
