ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യൻ നാവികർ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലുള്ള കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കും. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
പതിനാറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേർക്കുനേർ ചർച്ച നടത്തുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, എച്ച്- ബി 1 വിസ നിയന്ത്രണം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കയായി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ മുന്നോട്ടുവെക്കുമെന്നാണ് സൂചന. തീരുവ തർക്കവും റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും നിലനിൽക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും പുതിയ വ്യാപാര കരാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെടൽ നടത്തിയത് എന്ന് ട്രംപ് പലക്കുറി അവകാശപ്പെട്ടിരുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ മോദി സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാകും.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം പുറത്തുവന്ന പ്രസ്താവനയിൽ അമേരിക്ക ഖേദം പ്രകടിപ്പിക്കുന്നതിന് പകരം മുന്നറിയിപ്പ് നൽകുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.
മോദി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക്; ഇന്ത്യൻ നാവികരുടെ കൊലപാതകം ചർച്ചയാകുമോ? മോദിയുടെ മൗനത്തെ വിമർശിച്ച് കോൺഗ്രസ്
