ഇസ്രായേലില്‍ നെസറ്റിനെ അഭിസംബോധന ചെയ്ത് മോഡി

ഇസ്രായേലില്‍ നെസറ്റിനെ അഭിസംബോധന ചെയ്ത് മോഡി


ജെറുസലേം: നരേന്ദ്ര മോഡി ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. സഭയില്‍ എത്തിയ അദ്ദേഹത്തെ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വാഗതം ചെയ്യുകയും 'മോഡി' എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

പ്രസംഗം ആരംഭിച്ച മോഡി 140 കോടി ഇന്ത്യക്കാരുടെ ആശംസകളുമായി താന്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ഒക്ടോബര്‍ 7 ആക്രമണം പരാമര്‍ശിച്ച അദ്ദേഹം ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ 'സീറോ ടോളറന്‍സ്' നയം ആവര്‍ത്തിച്ചു. ലോകത്തിലെ എവിടെയെങ്കിലും ഭീകരത ഉണ്ടെങ്കില്‍ അത് എല്ലായിടത്തും സമാധാനത്തിന് ഭീഷണിയാണ് എന്നും അദ്ദേഹം പറഞ്ഞു.

അബ്രഹാം അക്കോര്‍ഡ്‌സുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ ധൈര്യവും ദൂരദര്‍ശിത്വവും മോഡി പ്രശംസിച്ചു. കൂടാതെ ഹൈഫ സ്മാരകത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇസ്രായേലിനോട് നന്ദിയും രേഖപ്പെടുത്തി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോഡിയെ സുഹൃത്തിനേക്കാള്‍ കൂടുതലായ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ചു. ഇസ്രായേലിന്റെ മഹത്തായ സുഹൃത്തും ഇന്ത്യ- ഇസ്രായേല്‍ സഖ്യത്തിന്റെ ശക്തമായ അഭ്യുദയകാംക്ഷിയുമായ ലോകനേതാവിനെ ജെറുസലേമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്  നെതന്യാഹു പാര്‍ലമെന്റില്‍ പറഞ്ഞു.

ഇന്ത്യയും ഇസ്രായേലും തീവ്രവാദ ഇസ്ലാമിനെ നേരിടാന്‍ ഇരുമ്പുസഖ്യം നിര്‍മ്മിക്കും എന്നും നെതന്യാഹു പ്രസംഗത്തില്‍ പറഞ്ഞു. ഇസ്രായേല്‍ ഇന്നേക്കാള്‍ ശക്തമായിട്ടില്ല, ഇന്ത്യയും അതുപോലെ ശക്തമാണ് എന്നും അദ്ദേഹം ഹീബ്രുവിലും ഇംഗ്ലീഷിലും നടത്തിയ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

നെസെറ്റ് പ്രധാനമന്ത്രി മോഡിക്ക് പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ സ്പീക്കര്‍ ഓഫ് ദ ്‌നെസെറ്റ് മെഡല്‍ സമ്മാനിച്ചു.