മിസ് യൂണിവേഴ്‌സ് വിവാദം അവസാനിക്കുന്നില്ല; ഒലിവിയ യസെ ആഫ്രിക്ക ആന്റ് ഒഷ്യാനിയ കിരീടം ഒഴിഞ്ഞു

മിസ് യൂണിവേഴ്‌സ് വിവാദം അവസാനിക്കുന്നില്ല; ഒലിവിയ യസെ ആഫ്രിക്ക ആന്റ് ഒഷ്യാനിയ കിരീടം ഒഴിഞ്ഞു


ബാങ്കോക്ക്: മിസ് യൂണിവേഴ്‌സ് മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 2025-ലെ മിസ് മെക്‌സിക്കോക്ക് മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ച് ദിവസങ്ങള്‍ക്കകം ഐവറി കോസ്റ്റിനെ പ്രതിനിധീകരിച്ച ഒലിവിയ മാനുവേല യസെ മിസ് യൂണിവേഴ്‌സ് ആഫ്രിക്ക ആന്റ് ഒഷ്യാനിയ പട്ടം ഒഴിയുന്നതായി പ്രഖ്യാപിച്ചു. അടുത്തിടെ സമാപിച്ച മത്സരത്തില്‍ അവസാന അഞ്ചില്‍ എത്തിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അവര്‍.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ പ്രസ്താവനയില്‍ തന്റെ മൂല്യങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അനുകൂലമായി തുടരുന്നതിനാണ് ഈ തീരുമാനം എടുത്തതെന്നും പ്രത്യേകിച്ച് ആഫ്രിക്കന്‍ യുവതികള്‍ക്കും ആഫ്രോ വംശജരായ സമൂഹങ്ങള്‍ക്കും പ്രചോദനമാകാന്‍ തന്നെയാണ് ആഗ്രഹമെന്നും ഒലിവിയ വ്യക്തമാക്കി. കൂടാതെ മിസ് യൂണിവേഴ്‌സ് കമ്മിറ്റി മുതല്‍ താന്‍ പൂര്‍ണ്ണമായി അകന്നു നില്‍ക്കുന്നതായും അവര്‍ പ്രഖ്യാപിച്ചു.


ഒലിവിയ യസെയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:

''ബാങ്കോക്കില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2025 മത്സരത്തില്‍ കോസ്റ്റ് ഡി ഐവറിയെ പ്രതിനിധീകരിക്കുമ്പോള്‍, പ്രയാസങ്ങള്‍ ഉണ്ടായിട്ടും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഈ വഴിയില്‍ മുന്നോട്ട് പോകുന്നതിനായി, ആദരം, ഗൗരവം, മികവ്, തുല്യാവകാശം എന്നെ നയിക്കുന്ന ശക്തമായ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കണം.

കടപ്പാടോടെയും ആദരവോടെയും ഞാന്‍ മിസ് യൂണിവേഴ്‌സ് ആഫ്രിക്ക ആന്റ് ഒഷ്യാനിയ കിരീടത്തിലും മിസ് യൂണിവേഴ്‌സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഭാവിയിലെ എല്ലാ ചുമതലകളിലും നിന്ന് രാജിവെക്കുന്നതായി അറിയിക്കുന്നു.

എന്റെ യാത്രയില്‍, ഞാന്‍ പ്രതിബദ്ധതയോടും നിയന്ത്രണത്തോടും മനോവീര്യത്തോടും പ്രവര്‍ത്തിച്ചു. എന്നാല്‍ എന്റെ പരിപൂര്‍ണ്ണ ശേഷി പ്രാപിക്കാന്‍ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്.

വേദിയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, പുതിയ തലമുറയ്ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാകുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അവര്‍ അവരുടെ പരിധികള്‍ താണ്ടി ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കണം. സ്വന്തം അസ്ഥിത്വത്തെ അഭിമാനത്തോടെ സ്വീകരിക്കണം.

ഇതാണ് ഇന്ന് ഞാന്‍ എടുത്തിരിക്കുന്ന തീരുമാനത്തെ നയിക്കുന്നത്. ഈ പദവിയില്‍ നിന്ന് പിന്മാറുന്നത്, ഞാന്‍ വിലമതിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാന്‍ പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കാന്‍ സഹായിക്കും.

ലോകമെമ്പാടുമുള്ള ബ്ലാക്ക്, ആഫ്രിക്കന്‍, കരീബിയന്‍, അമേരിക്കന്‍, ആഫ്രോ വംശജരായ സമൂഹങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു: നിങ്ങളെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ തന്നെ കാല്‍വെയ്ക്കുക. നമ്മുടെ പിന്നാലെ വരുന്ന സഹോദരിമാര്‍ക്ക് വഴി തുറക്കുക. നമുക്ക് നമ്മുടെ നിലപാട് നിര്‍വചിക്കാനോ കഴിവുകള്‍ പരിമിതപ്പെടുത്താനോ ആരേയും അനുവദിക്കരുത്. നമ്മുടെ നിലപാട് നിര്‍ണായകമാണ്, നമ്മുടെ ശബ്ദം കേള്‍ക്കപ്പെടണം.

പുതിയ മിസ് യൂണിവേഴ്‌സിന് ഞാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. മിസ് യൂണിവേഴ്‌സ് ജമൈക്കയ്ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും എന്റെ സ്നേഹവും ആശംസകളും അവരോടൊപ്പം എന്നും.

ഈ അതുല്യമായ യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും എന്റെ ഹൃദയപൂര്‍വം നന്ദി. പ്രചോദനവും ഉന്നമനവും നല്‍കാനുള്ള അതേ മനോവീര്യത്തോടെ ഞാന്‍ എന്റെ യാത്ര തുടരും.

ഇത് ആഫ്രിക്കയുടെ സമയം.

സ്‌നേഹവും ആദരവും സഹിതം,

ഒലിവിയ മാനുവേല യസെ''

മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 74-ാം പതിപ്പ് തുടക്കത്തില്‍ നിന്ന് തന്നെ വിവാദങ്ങളാല്‍ ചുറ്റപ്പെട്ടിരുന്നു. നേരത്തെ, മിസ് മെക്‌സിക്കോയായ ഫാതിമ ബോഷിനെ മത്സര ഡയറക്ടര്‍ നവാത് ഇത്സരഗ്രിസില്‍ നിന്ന് തനിക്കു നേരെയുള്ള അപമാനകരമായ പരാമര്‍ശങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഒരു യോഗത്തില്‍ നിന്ന് പുറത്തേക്കു പോയിരുന്നു. അവരെ 'ഡംബ്ഹെഡ്' എന്ന് വിളിച്ചതാണ് നിരവധി മത്സരാര്‍ഥികളെയും പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചത്. സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. അതോടെ നവാത് മാപ്പ് പറയുകയായിരുന്നു. 

ഫലങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ഫാതിമ ബോഷിനെ വിജയിയായി പ്രഖ്യാപിച്ചതില്‍ നിരാശയുള്ളതായി നിരവധി നെറ്റിസണുകള്‍ അഭിപ്രായപ്പെട്ടു. മറ്റു ചില മത്സരാര്‍ഥികളുടെ അവസാന ഉത്തരങ്ങള്‍ കൂടുതല്‍ ശക്തമായിരുന്നെന്നും അവര്‍ വാദിച്ചു.

മിസ് യൂണിവേഴ്‌സ് 2005 ജേതാവായ വിധി കര്‍ത്താവ് നറ്റാലി ഗ്ലെബോവ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായത്തില്‍ ഒന്നാം റണ്ണറപ്പ് തന്നെയാണ് യഥാര്‍ഥ ജേതാവെന്നു പറഞ്ഞിരുന്നു. വിധിന്യായ പ്രക്രിയയില്‍ പരസ്യമായ അഭാവമുണ്ടെന്നും അവര്‍ വിമര്‍ശിച്ചു.

മറ്റൊരു വിധികര്‍ത്താവായ ലെബനീസ്- ഫ്രഞ്ച് സംഗീതജ്ഞന്‍ ഒമര്‍ ഹര്‍ഫൂഷ് ഒരു 'രഹസ്യ കമ്മിറ്റി' മുന്‍കൂട്ടി ടോപ് 30 മത്സരാര്‍ഥികളെ തെരഞ്ഞെടുത്തുവെന്നാരോപിച്ച് ഫൈനലിന് മൂന്നു ദിവസം മുമ്പ് രാജിവെച്ചിരുന്നു. പിന്നീട് മിസ് യൂണിവേഴ്‌സ് പ്രസിഡന്റ് റൗള്‍ റോച്ച വ്യക്തമാക്കിയത് ഒമര്‍ ഹര്‍ഫൂഷിനെ വിധി കര്‍ത്താവ് പട്ടികയില്‍ നിന്ന് നീക്കിയതാണെന്നും 'റിഗ്ഗിംഗ്' ആരോപണം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു.