ജിബൂട്ടി തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി; 15 കുട്ടികളുള്‍പ്പെടെ 109 മരണം, 116 പേരെ കാണാതായി

ജിബൂട്ടി തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി; 15 കുട്ടികളുള്‍പ്പെടെ 109 മരണം, 116 പേരെ കാണാതായി


ജിബൂട്ടി: ജിബൂട്ടി തീരത്തിന് സമീപം കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 15 കുട്ടികളുള്‍പ്പെടെ കുറഞ്ഞത് 109 പേര്‍ മരിച്ചു. 116 പേരെ കാണാതായതായി ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) ഞായറാഴ്ച അറിയിച്ചു. ഒക്ടോബര്‍ 8, 9 തിയ്യതികളിലെ രാത്രിയിലായിരുന്നു ദുരന്തം.

ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് 350 പേരുമായി യാത്ര ചെയ്ത ബോട്ട് ഒബോക്ക് നഗരത്തിന് വടക്കുഭാഗത്ത് മറിഞ്ഞ് മുങ്ങുകയായിരുന്നുവെന്ന് ഐ ഒ എം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതുവരെ കണ്ടെത്തിയ 109 മൃതദേഹങ്ങളില്‍ 52 പുരുഷന്മാരുടെയും 42 സ്ത്രീകളുടെയും 15 കുട്ടികളുടെയുമാണ്. കുട്ടികളില്‍ ഒമ്പത് പെണ്‍കുട്ടികളും ആറു ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എത്യോപ്യന്‍ പൗരന്മാരെന്ന് കരുതപ്പെടുന്ന 80-ലധികം പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷപ്പെട്ടവരില്‍ 64 പേര്‍ക്ക് ഒബോക്കിലെ ഐ ഒ എമ്മിന്റെ മൈഗ്രന്റ് റെസ്പോണ്‍സ് സെന്റര്‍ (എം ആര്‍ സി) വഴി സഹായം നല്‍കുന്നുണ്ട്. ആരോഗ്യപരിചരണം, താത്ക്കാലിക താമസസൗകര്യം, ഭക്ഷണം, കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സഹായം എന്നിവയാണ് ലഭ്യമാക്കുന്നത്.

ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി ജിബൂട്ടി അധികൃതര്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ കൊമ്പ് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ഓരോ വര്‍ഷവും ജിബൂട്ടി വഴി യെമനിലേക്ക് യാത്ര ചെയ്യുന്നത്. ബാബ് അല്‍ മന്ദബ് കടലിടുക്ക് കടന്നാണ് ഇവര്‍ യെമനിലെത്തുന്നത്. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുകയാണ് പലരുടെയും ലക്ഷ്യം. മധ്യപൂര്‍വദേശത്ത് അസ്ഥിരത വര്‍ധിച്ചുവരുന്നതിനിടയിലും ഇത്തരം അപകടകരമായ യാത്രകള്‍ തുടരുകയാണ്.

ഐ ഒ എമ്മിന്റെ ഡിസ്‌പ്ലേസ്മെന്റ് ട്രാക്കിങ് മാട്രിക്‌സിന്റെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ 10 മുതല്‍ എത്യോപ്യയില്‍നിന്ന് ജിബൂട്ടിയിലേക്ക് 20,000-ത്തിലധികം കുടിയേറ്റ യാത്രകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.