നൈജീരിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ് വ്യോമാക്രമണം; കൊല്ലപ്പെട്ട ഭീകരര്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്ന് ട്രംപ്

നൈജീരിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ് വ്യോമാക്രമണം; കൊല്ലപ്പെട്ട ഭീകരര്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്ന് ട്രംപ്


വാഷിംഗ്ടണ്‍:  നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സോകോട്ടോ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് ബന്ധമുള്ള ഭീകരസംഘടനയ്‌ക്കെതിരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്രിസ്മസ് ദിനത്തിലാണ് ആക്രമണം നടന്നതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ഇപ്പോഴത്തെ ഭരണകാലയളവില്‍ നൈജീരിയയില്‍ യുഎസ് നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്.

നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് (AFRICOM) സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 'പല ഐസിസ് ഭീകരരും കൊല്ലപ്പെട്ടതായി' AFRICOM അറിയിച്ചു. എന്നാല്‍ ആക്രമണം നടന്ന കൃത്യമായ സ്ഥലമോ കൊല്ലപ്പെട്ടവരുടെ എണ്ണമോ പുറത്തുവിട്ടിട്ടില്ല.

ക്രിസ്ത്യാനികളോടുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടി എന്ന നിലയിലാണ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍, 'ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രതികരണം ഉണ്ടാകുമെന്ന് ഭീകരര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് അതാണ് സംഭവിച്ചത് ' എന്ന് ട്രംപ് കുറിച്ചു.

തുടര്‍ന്ന് അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. 'നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. മരിച്ച ഭീകരരടക്കമുള്ള എല്ലാവര്‍ക്കും മെറി ക്രിസ്മസ്. ക്രിസ്ത്യാനികളെ കൊല്ലല്‍ തുടര്‍ന്നാല്‍ ഇനിയും അനേകര്‍ മരിക്കും ' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അതേസമയം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് ആക്രമണത്തെ പ്രശംസിക്കുകയും നൈജീരിയന്‍ സര്‍ക്കാരിന്റെ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. പങ്കാളി രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരം വേഗത്തില്‍ ഇടപെടാന്‍ യുഎസ് സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ 'വംശഹത്യാ ഭീഷണി' നേരിടുന്നതായി ട്രംപ് മുന്‍പും ആരോപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് നൈജീരിയന്‍ സര്‍ക്കാര്‍ ശക്തമായി തള്ളി. രാജ്യത്തെ സുരക്ഷാ പ്രതിസന്ധി മതാധിഷ്ഠിത പീഡനമായി മാത്രം ചിത്രീകരിക്കുന്നത് സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയും അധികൃതര്‍ പ്രകടിപ്പിച്ചു.

15 വര്‍ഷത്തിലേറെയായി ബോക്കോ ഹറാം ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളാണ് നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ നേരിടുന്നത്. ഇതിന് പുറമെ, വടക്കുപടിഞ്ഞാറും മധ്യ നൈജീരിയയിലും സജീവമായ ആയുധധാരികളായ കൊള്ളക്കാര്‍ (ബാന്‍ഡിറ്റുകള്‍) ഗ്രാമങ്ങള്‍ ആക്രമിക്കുകയും കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തെ മതപരമായ കണ്ണിലൂടെ മാത്രം കാണുന്നത് അപകടകരമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.