ട്രംപിനെ നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് മെലോണി

ട്രംപിനെ നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് മെലോണി


മിലാന്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഉപാധി. റഷ്യന്‍- യുക്രെയ്ന്‍ യുദ്ധം നീതിപൂര്‍വവും സമാധാനപരവുമായി അവസാനിപ്പിച്ചാല്‍ ഇറ്റലി ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യുമെന്നാണ് മെലോണി വ്യക്തമാക്കിയത്.

ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മെലോണിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെയുണ്ടായാല്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിക്കാന്‍ താന്‍ തയ്യാറാണെന്നും മെലോണി പറഞ്ഞു. യുക്രെയ്‌നില്‍ സമാധാനം സ്ഥാപിക്കാന്‍ ട്രംപ് നിര്‍ണായക ഇടപെടല്‍ നടത്തിയാല്‍ അത് യാഥാര്‍ഥ്യമാകുമെന്നും മെലോണി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണള്‍ഡ് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. തനിക്ക് സമാധാന പുരസ്‌കാരം ലഭിക്കാത്തതിനാല്‍ സമാധാനത്തെ കുറിച്ച് മാത്രം ചിന്തിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ട്രംപ് പറഞ്ഞിരുന്നു.