ട്രംപുമായുള്ള ബന്ധം സൗഹൃദപരമെന്ന് വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മെലോനി; പ്രകോപനം ഇഷ്ടപ്പെടുന്ന പ്രസിഡന്റെന്ന് ഇറ്റലി

ട്രംപുമായുള്ള ബന്ധം സൗഹൃദപരമെന്ന് വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മെലോനി; പ്രകോപനം ഇഷ്ടപ്പെടുന്ന പ്രസിഡന്റെന്ന് ഇറ്റലി


അങ്കാറ/ റോം: നേറ്റോ, ഇറാന്‍, വിവാദ ഫോട്ടോ പരാമര്‍ശം എന്നിവയെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെ ട്രംപുമായുള്ള ബന്ധം ഇപ്പോഴും 'സൗഹൃദപരമാണെന്ന്' മെലോനി വ്യക്തമാക്കി. തുര്‍ക്കിയില്‍ നടന്ന നേറ്റോ ഉച്ചകോടിക്കിടെയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ട്രംപിന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍ ഇരു നേതാക്കളുടെയും ബന്ധത്തെ ബാധിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് മെലോണിയുടെ പ്രതികരണം. ഫ്രാന്‍സിലെ എവിയാനില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോട് ഫോട്ടോ എടുക്കാന്‍ 'യാചിച്ചുവെന്ന്' ട്രംപ് അവകാശപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമായത്.

ട്രംപിന്റെ ആരോപണം മെലോനി നിഷേധിച്ചിരുന്നു. വിവാദം രൂക്ഷമായതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അമേരിക്കയിലേക്കുള്ള നിശ്ചയിച്ചിരുന്ന സന്ദര്‍ശനം പോലും റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇനി മറുപടി നല്‍കില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തയാനിയും വ്യക്തമാക്കി.

സ്വന്തം അഭിപ്രായങ്ങളാണ് അദ്ദേഹം പറയുന്നതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപെന്നും സഖ്യരാജ്യങ്ങള്‍ തമ്മില്‍ അനാവശ്യ വിവാദങ്ങള്‍ വളര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിന്റെ ഇത്തരം പരാമര്‍ശങ്ങളോട് ഇനി പ്രതികരിക്കേണ്ടതില്ലെന്നാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇറ്റലിയുടെയും യൂറോപ്പിന്റെയും പ്രധാന തന്ത്രപ്രധാന സഖ്യകക്ഷിയായി തുടരുമെന്നും തയാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് വീണ്ടും മെലോനിയെ വിമര്‍ശിച്ചു.

മെലോണി നല്ല വ്യക്തിയാണെങ്കിലും അവര്‍ ഒരു തെറ്റ് ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടിയെ പിന്തുണയ്ക്കാന്‍ ഇറ്റലി വിസമ്മതിച്ചതാണ് ഇരുവരുടെയും ബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ മെലോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിയന്ത്രണ ഉത്തരവ് വേണം എന്ന കുറിപ്പും ട്രംപ് പങ്കുവെച്ചിരുന്നു.

ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ല7ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെലോനി തന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടത്.

അവര്‍ തന്നോടൊപ്പം ഒരു ചിത്രം എടുക്കാന്‍ യാചിച്ചുവെന്നും തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ അവരോട് സഹതാപം തോന്നിയതിനാലാണ് സമ്മതിച്ചതെന്നുമാണ് ട്രംപ് പറഞ്ഞത്.

ഇതിന് മറുപടിയായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശം പങ്കുവെച്ച മെലോനി ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അവ കേട്ട് താന്‍ അമ്പരന്നുവെന്നും പ്രതികരിച്ചു.