റിയാദ്: സൗദി അറേബ്യയിലെ അൽഖർജ് ഗവർണറേറ്റ് പ്രദേശത്ത് ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന പ്രാരംഭ റിപ്പോർട്ടുകൾ ഇന്ത്യൻ എംബസി തിരുത്തി. സംഭവത്തിൽ ഇന്ത്യൻ പൗരന്മാർ ആരും മരണപ്പെട്ടിട്ടില്ലെന്ന് എംബസി അറിയിച്ചു. എന്നാൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കി.
പരിക്കേറ്റയാളെ അൽഖർജിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയിലെ കൗൺസിലർ വൈ. സാബിർ ആശുപത്രിയിലെത്തി അദ്ദേഹത്തെ നേരിൽ സന്ദർശിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി എംബസി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അൽഖർജിലെ ഒരു പരിപാലന-ശുചീകരണ കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മിസൈൽ പതിച്ചത്. സംഭവത്തിൽ കെട്ടിടങ്ങൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരാണ്.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കൻ സേന ഉപയോഗിക്കുന്ന പ്രിൻസ് സുൽത്താൻ എയർബേസ് സ്ഥിതി ചെയ്യുന്ന മേഖലയിലെ റഡാർ സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായി തുടരുകയാണ്. ഞായറാഴ്ച തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടതായി കരുതുന്ന 15 ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സമീപത്തെ ഇന്ധന സംഭരണ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബഹ്‌റൈൻ രാജ്യത്തിലെ ഒരു ശുദ്ധജല ശുദ്ധീകരണ നിലയിലും ആക്രമണത്തെ തുടർന്ന് നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അൽഖർജിലെ മിസൈൽ ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചെന്ന വാർത്ത തിരുത്തി എംബസി; ഒരാൾക്ക് പരിക്ക്
