തായ് പോ: ഹോങ്കോങ്ങിന്റെ വടക്കന്‍ തായ് പോ ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് വന്‍ തീപിടിത്തം. വാങ് ഫുക്ക് കോര്‍ട്ട് എന്ന പാര്‍പ്പിട സമുച്ചയത്തിലെ നിരവധി ഉയര്‍ന്ന കെട്ടിടങ്ങളിലാണ് തീ പടര്‍ന്നത്. കനത്ത ചാരനിറ പുക ഉയര്‍ന്ന് പ്രദേശമാകെ മൂടിയതോടെ അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഔദ്യോഗിക മാധ്യമമായ ആര്‍ടിഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.
പോലീസിന്റെ സ്ഥിരീകരണപ്രകാരം നാലുപേര്‍ മരിച്ചു. . നിരവധി പേര്‍ക്ക് പൊള്ളലേറ്റു. തീ അണയ്ക്കുന്നതിനിടെ ചില അഗ്‌നിശമനസേനാംഗങ്ങള്‍ക്കും പരുക്കേറ്റു. എട്ട് ബ്ലോക്കുകളിലായി രണ്ടായിരത്തിലേറെ ഫഌറ്റുകളുള്ളതാണ് വാങ് ഫുക്ക് കോര്‍ട്ട്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ പല ടവറുകളിലും തീ ആളിപ്പടരുന്നത് ദൃശ്യമാണ്. റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ഉച്ചയ്ക്ക് 2.51നാണ് അഗ്‌നിബാധ സംബന്ധിച്ച വിവരം ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് തായ് പോ ഹൈവേയുടെ ഒരു ഭാഗം പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണെന്നും ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും ഹോങ്കോങ്ങ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
