മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ കുദ്രിന്‍സ്‌കായ സ്‌ക്വയറിലുള്ള ബാല്‍സി റോസി റെസ്റ്റോറന്റില്‍ ശനിയാഴ്ച രാത്രി സ്വകാര്യ പരിപാടിക്കിടെ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 21-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോംബ് കൈവശം വച്ചിരുന്നുവെന്ന് സംശയിക്കുന്ന അജ്ഞാത സ്ത്രീ ഉള്‍പ്പെടെയാണ് മരിച്ചവരെന്ന് റഷ്യന്‍ ദേശീയ ഭീകരവിരുദ്ധ സമിതിയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ ഐ എ നോവോസ്റ്റി റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം, സമ്മാനപ്പെട്ടിയാണെന്ന് പറഞ്ഞ് ഒരു പെട്ടിയുമായി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീയെ സുരക്ഷാ ജീവനക്കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ത്രീ റെസ്റ്റോറന്റിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ സ്ഫോടനം നടന്നതോടെ അവരോടൊപ്പം പ്രവേശനം തടഞ്ഞ സുരക്ഷാ ജീവനക്കാരനും ഒരു ഉപഭോക്താവും കൊല്ലപ്പെട്ടു.
പ്രാദേശിക സമയം രാത്രി 8.10 ഓടെയാണ് സ്ഫോടനം നടന്നതെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖ്യ ഡയറക്ടറേറ്റ് അറിയിച്ചു.
റഷ്യന്‍ ദിനപത്രമായ കൊമേഴ്സാന്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, റെസ്റ്റോറന്റിന്റെ തുറസ്സായ ഭാഗത്ത് നടന്നിരുന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തവരെയാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നത്. സ്ത്രീ കൈവശം വച്ചിരുന്ന പെട്ടി സമ്മാനമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
ഏകദേശം ഒരു കിലോഗ്രാം ടി എന്‍ ടിയുടെ സ്ഫോടനശേഷിയുള്ള സ്‌ഫോടകവസ്തുവില്‍ ആളപായം വര്‍ധിപ്പിക്കാന്‍ ലോഹഗോളങ്ങളും നിറച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ റെസ്റ്റോറന്റിന്റെ ഷെഫായ കാര്‍മൈന്‍ അല്‍ഫിയേരി സാമൂഹിക മാധ്യമത്തിലൂടെ പിന്തുണ അറിയിച്ചവരോട് നന്ദി അറിയിച്ചു.
തങ്ങള്‍ സുരക്ഷിതരാണെന്നും റെസ്റ്റോറന്റിനും അടുക്കളയ്ക്കും കാര്യമായ കേടുപാടുകളൊന്നുമില്ലെന്നും പ്രവേശന കവാടത്തില്‍ ചെറിയൊരു പ്രശ്‌നം മാത്രമാണ് ഉണ്ടായതെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
റഷ്യയില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി ഭീകരാക്രമണങ്ങളും ലക്ഷ്യമിട്ട സ്ഫോടനങ്ങളും നടന്നിട്ടുണ്ട്. 2022-ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരെയും യുദ്ധത്തെ അനുകൂലിക്കുന്ന പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം ഉത്തരവാദിത്തം ഏറ്റെടുത്തതോ അല്ലെങ്കില്‍ റഷ്യ ആരോപണം ഉന്നയിച്ചതോ ആയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2025 ഏപ്രിലില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന റഷ്യന്‍ ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക്കിന്റെ മരണത്തിനും റഷ്യ യുക്രെയ്നെയാണ് കുറ്റപ്പെടുത്തിയത്.
2022 ഓഗസ്റ്റില്‍ ദേശീയവാദിയായ ഡാര്യ ദുഗിന കാര്‍ ബോംബ് സ്ഫോടനത്തില്‍ മോസ്‌കോയ്ക്ക് സമീപം കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ തീവ്ര ദേശീയവാദ ചിന്തകനായ അലക്‌സാണ്ടര്‍ ദുഗിന്റെ മകളായിരുന്ന ഡാര്യയെ ലക്ഷ്യമിട്ട ആക്രമണമല്ല, മറിച്ച് ദുഗിനെയാണ് ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തല്‍.
2023 ഏപ്രിലില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കഫേയില്‍ ലഭിച്ച പ്രതിമ പൊട്ടിത്തെറിച്ച് പ്രോ-ക്രെംലിന്‍ സൈനിക ബ്ലോഗറായ വ്ളാഡ്ലന്‍ ടറ്റാര്‍സ്‌കി കൊല്ലപ്പെട്ടു. 2024 ഡിസംബറില്‍ മോസ്‌കോയിലെ ഒരു അപ്പാര്‍ട്ട്മെന്റിന് സമീപം സ്‌കൂട്ടറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യന്‍ സൈന്യത്തിന്റെ രാസായുധ വിഭാഗം മേധാവി ജനറല്‍ ഇഗോര്‍ കിരില്ലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടിരുന്നു. 2023 മേയില്‍ കാര്‍ സ്ഫോടനത്തില്‍ പ്രോ-ക്രെംലിന്‍ എഴുത്തുകാരനും ദേശീയവാദിയുമായ സഖാര്‍ പ്രിലെപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മറ്റൊരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
