'വന്‍ നശീകരണശേഷി'; മിസൈല്‍ വിക്ഷേപണം സൈനിക അഭ്യാസമെന്ന് ഉത്തരകൊറിയ

'വന്‍ നശീകരണശേഷി'; മിസൈല്‍ വിക്ഷേപണം സൈനിക അഭ്യാസമെന്ന് ഉത്തരകൊറിയ


പ്യോങ്യാങ്: ശനിയാഴ്ച നടത്തിയ മിസൈല്‍ വിക്ഷേപണങ്ങള്‍ക്ക് പിന്നാലെ, മിസൈലുകളും പീരങ്കികളും ഡ്രോണുകളും ഉള്‍പ്പെടുത്തിയ സംയുക്ത വെടിവയ്പ് അഭ്യാസമാണ് നടത്തിയതെന്ന് ഉത്തരകൊറിയ. എന്നാല്‍ വിക്ഷേപണം അമേരിക്കയ്ക്ക് അടിയന്തര ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് യു എസ് പസഫിക് കമാന്‍ഡ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഉത്തരകൊറിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ചത്. മിസൈലുകള്‍, പീരങ്കികള്‍, ഡ്രോണുകള്‍ എന്നിവ സംയോജിപ്പിച്ചുള്ള തത്സമയ വെടിവയ്പ് അഭ്യാസമാണ് നടത്തിയതെന്ന് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ സി എന്‍ എ) അറിയിച്ചു.

'കേന്ദ്രീകൃത ആക്രമണത്തിന് വലിയ നശീകരണശേഷിയുണ്ടെന്ന്' അഭ്യാസം തെളിയിച്ചതായി കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. അഭ്യാസം നിരീക്ഷിച്ച മാര്‍ഷല്‍ പാക് ജോങ് ചോന്‍, ഉത്തരവ് ലഭിച്ചാല്‍ ശത്രുസേനയുടെ ഘടനാപരമായ സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള സൈനിക ശേഷി മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു.

സംയോജിത ഫയര്‍പവര്‍ നിയന്ത്രണ സംവിധാനത്തിന്റെ പ്രവര്‍ത്തന നടപടികളില്‍ സൈനികരെ പരിചയപ്പെടുത്തുന്നതിനും അഭ്യാസം ലക്ഷ്യമിട്ടതായി അദ്ദേഹം വ്യക്തമാക്കി.

250 കിലോമീറ്റര്‍ സഞ്ചരിച്ച് മിസൈല്‍ ശനിയാഴ്ച ഉത്തരകൊറിയ ജപ്പാന്‍ കടലിലേക്ക് അജ്ഞാത പ്രോജക്ടൈല്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ അറിയിച്ചിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 5.20ഓടെ വിക്ഷേപണം കണ്ടെത്തിയതായി ദക്ഷിണകൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ഏകദേശം 250 കിലോമീറ്റര്‍ സഞ്ചരിച്ച പ്രോജക്ടൈല്‍ കൊറിയക്കാര്‍ 'കിഴക്കന്‍ കടല്‍' എന്ന് വിളിക്കുന്ന ജലാശയത്തിലേക്കാണ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ ഓഫീസ് അടിയന്തര സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉത്തരകൊറിയയോട് ആവശ്യപ്പെട്ട ദക്ഷിണകൊറിയ, ഇത്തരം വിക്ഷേപണങ്ങള്‍ യു എന്‍ സുരക്ഷാസമിതി പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വ്യക്തമാക്കി.

ഉത്തരകൊറിയയെ കേന്ദ്രീകരിച്ച് ദക്ഷിണകൊറിയയും അമേരിക്കയും ജപ്പാനും ചേര്‍ന്ന് നടത്തിയ അഞ്ച് ദിവസത്തെ സംയുക്ത നാവികാഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈല്‍ വിക്ഷേപണമുണ്ടായത്.

'അടിയന്തര ഭീഷണിയില്ലെന്ന്' അമേരിക്ക

മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച് അമേരിക്കന്‍ പസഫിക് കമാന്‍ഡ് പ്രതികരിച്ചു. എന്നാല്‍ യു എസ് സൈനികര്‍ക്കോ പ്രദേശത്തിനോ സഖ്യരാജ്യങ്ങള്‍ക്കോ നിലവില്‍ അടിയന്തര ഭീഷണിയില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

സഖ്യകക്ഷികളുമായും പങ്കാളികളുമായും അടുത്ത ഏകോപനം തുടരുകയാണെന്നും മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെയും സഖ്യരാജ്യങ്ങളുടെയും പ്രതിരോധത്തിനുള്ള പ്രതിബദ്ധത തുടരുമെന്നും യു എസ് അറിയിച്ചു.

കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് ട്രംപിന്റെ നീക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ മിസൈല്‍ വിക്ഷേപണം.

കഴിഞ്ഞ മാസം ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്ന് നടത്തിയ വാര്‍ഷിക സൈനികാഭ്യാസത്തിന്റെ ദൈര്‍ഘ്യം ട്രംപ് കുറച്ചിരുന്നു. ഉത്തരകൊറിയയോടുള്ള 'അനുചിതവും ശത്രുതാപരവുമായ' നടപടിയാണ് സൈനികാഭ്യാസമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓഗസ്റ്റ് 19ന് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഈ വര്‍ഷം തന്നെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

കിമ്മുമായി 'നല്ല ബന്ധം പുലര്‍ത്തുന്നത്' പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയ്ക്ക് നിലവില്‍ 57 'വളരെ ശക്തമായ' ആണവായുധങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഉത്തരകൊറിയയുടെ കൈവശം ഏകദേശം 80 മുതല്‍ 120 വരെ ആണവായുധങ്ങളുണ്ടെന്നാണ് ദക്ഷിണകൊറിയയുടെ വിലയിരുത്തല്‍.