തെഹ്റാന്‍: യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇറാനില്‍ നൂറുകണക്കിന് ദമ്പതികളെ പങ്കെടുപ്പിച്ച് വന്‍തോതില്‍ സമൂഹവിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചു. 'രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ളവര്‍' എന്ന ആശയവുമായി മുന്നോട്ടുവെച്ച സ്വയംത്യാഗ പ്രചാരണത്തിന്റെ ഭാഗമായാണ് ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.
തെഹ്റാനിലെ ഇമാം ഹുസൈന്‍ സ്‌ക്വയറില്‍ മാത്രം നൂറിലധികം ദമ്പതികള്‍ പങ്കെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിപാടികള്‍ സര്‍ക്കാര്‍ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഇതിനിടെ, ഇറാന്‍ സ്റ്റേറ്റ് ടി വി 'സാക്രിഫൈസ് ലൈഫ് ഫോര്‍ ഇറാന്‍' എന്ന പേരില്‍ പ്രത്യേക പ്രചാരണം ആരംഭിച്ചു. കലാഷ്‌നിക്കോവ് (എ കെ-47) റൈഫിള്‍ എങ്ങനെ ഉപയോഗിക്കണം, ലോഡ് ചെയ്യണം, വെടിവെക്കണം തുടങ്ങിയ പരിശീലനങ്ങളാണ് ടെലിവിഷന്‍ പരിപാടികളിലൂടെ നല്‍കുന്നത്.
പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഈ പദ്ധതിയെ പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ട് പ്രകാരം മെഷീന്‍ഗണ്‍ ഘടിപ്പിച്ച സൈനിക ജീപ്പുകളിലായിരുന്നു ദമ്പതികളും മതപണ്ഡിതരും ഇമാം ഹുസൈന്‍ സ്‌ക്വയറിലെത്തിയത്. ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച വേദിയില്‍ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖംനെയിയുടെ വന്‍ ചിത്രവും സ്ഥാപിച്ചിരുന്നു. മുന്‍ പരമോന്നത നേതാവായ അലി ഖംനെയിയുടെ മരണത്തിന് ശേഷം അധികാരമേറ്റ മൊജ്തബ ഖംനെയി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രധാന ശക്തികളെയും ആഗോള അടിച്ചമര്‍ത്തലിനെയും നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രചാരണമെന്ന് ഇറാന്‍ വിശദീകരിച്ചു. ആയുധ പരിശീലനം 'വിദ്യാഭ്യാസ, സാംസ്‌കാരിക, ധാര്‍മിക പരിശീലനത്തിന്റെ' ഭാഗമാണെന്നും ജിഹാദ്, പ്രതിരോധം, സ്വരക്ഷ എന്നീ ആശയങ്ങള്‍ ജനങ്ങളില്‍ വളര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാനിയന്‍ സ്റ്റേറ്റ് ടി വിയിലെ പരിപാടികളില്‍ അവതാരകരും സൈനിക വിദഗ്ധരും നേരിട്ട് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതും വെടിവെക്കുന്നതും കാണിച്ചു. തെഹ്റാനിലെ തജ്റിഷ് സ്‌ക്വയറില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്ത തുറസ്സായ ആയുധ പരിശീലന ദൃശ്യങ്ങളും പുറത്തുവന്നു.
കൗമാരക്കാര്‍ വരെ പങ്കെടുത്ത ഈ പരിശീലനം രാജ്യവ്യാപകമായി നടക്കുന്ന 'പ്രസന്‍സ് ഇന്‍ ദ ഫീല്‍ഡ് ഓഫ് പവര്‍' ക്യാമ്പെയിന്റെ 78-ാം ഘട്ടമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
