ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഹമ്മദ് താഹിര്‍ അന്‍വര്‍ പാക്കിസ്ഥാനില്‍ മരിച്ചതായി വിവരം. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. ബഹാവല്‍പൂരിലെ ജാമിയ ഉസ്മാനോ അലിയില്‍ രാത്രി 11 മണിക്ക് ഖബറടക്കം നടക്കുമെന്നാണ് ടെലിഗ്രാമിലെ അറിയിപ്പില്‍ പറയുന്നത്.
എന്നാല്‍ താഹിര്‍ എങ്ങനെയാണ് മരിച്ചതെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. അസുഖത്തെക്കുറിച്ചോ മറ്റ് പ്രത്യേക സംഭവങ്ങളെക്കുറിച്ചോ സൂചനകളില്ലാത്തതിനാല്‍ മരണകാരണം അവ്യക്തമായി തുടരുകയാണ്.
മസൂദ് അസ്ഹറിന്റെ അഞ്ച് സഹോദരന്മാരില്‍ ഒരാളായ താഹിര്‍ അന്‍വര്‍ ദീര്‍ഘകാലമായി ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമതാവളം ആക്രമണം, ഉറി ആക്രമണം, പുല്‍വാമ ആക്രമണം എന്നിവ നടത്തിയത് ജെയ്‌ഷെ മുഹമ്മദായിരുന്നു.
