ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജീവിക്കുന്നത് ശിലായുഗത്തില്‍; വിവാദമായി മറിയം നവാസിന്റെ പരാമര്‍ശം

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജീവിക്കുന്നത് ശിലായുഗത്തില്‍; വിവാദമായി മറിയം നവാസിന്റെ പരാമര്‍ശം


ലാഹോര്‍: പാകിസ്ഥാന്‍ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഗുജറാത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായി. പരിപാടിയില്‍ സംസാരിക്കവെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജനങ്ങള്‍ ശിലായുഗത്തിലാണ് ജീവിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

പാകിസ്ഥാന്‍ താരീഖെ ഇന്‍സാഫ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ വികസനത്തിനും സാങ്കേതിക പുരോഗതിക്കും വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നും മറിയം പറഞ്ഞു. പഞ്ചാബിലെ വിദ്യാര്‍ഥികള്‍ക്ക് ടെക്നിക്കല്‍ ട്രെയിനിംഗ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ലഭ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ജനങ്ങള്‍ വികസനം എന്താണെന്ന് അറിയുന്നില്ലെന്നും മറിയം ആരോപിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ ആഗോള നിലവാരത്തിലെത്താന്‍ നിങ്ങളുടെ കൈയില്‍ ഗാഡ്ജറ്റ്, ലാപ്ടോപ്പ്, ഐപാഡ്, കമ്പ്യൂട്ടര്‍ എന്നിവ ഉണ്ടായിരിക്കണംമെന്ന് അവര്‍ പറഞ്ഞു. 13 വര്‍ഷത്തെ പി ടി ഐ ഭരണകാലത്ത് സര്‍ക്കാര്‍ 'ബോധവല്‍ക്കരണം' മാത്രമാണ് നടത്തിയതെന്നും അവര്‍ വിമര്‍ശിച്ചു.

പ്രസംഗത്തിനിടെ പ്രതിപക്ഷം തന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയെ പരിഹസിച്ചതായും മറിയം ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 2019ല്‍ ജയിലിലിരിക്കെ ഗുരുതരമായി അസുഖബാധിതനായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന് ഒന്നിലധികം ഹൃദയാഘാതങ്ങള്‍ ഉണ്ടാവുകയും പ്ലേറ്റ്‌ലെറ്റ് നിരക്ക് കുറയുകയും ഹൃദയവേദന അനുഭവിക്കുകയും ചെയ്തിട്ടും അതിനെ പരിഹസിച്ചുവെന്നും മറിയം വ്യക്തമാക്കി.

തുടര്‍ന്ന്, തന്റെ അമ്മയായ കുല്‍സും നവാസ് കാന്‍സര്‍ ബാധിതയായിരുന്ന സമയത്ത് പോലും അതിനെ 'ഡ്രാമ'യായി വിശേഷിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. അമ്മയുടെ അസുഖം പോലും പരിഹസിക്കപ്പെട്ടുവെന്നത് വേദനാജനകമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.