മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന യു എസ് സൈനിക താവളങ്ങള്‍

മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന യു എസ് സൈനിക താവളങ്ങള്‍


ദോഹ: ഇസ്രയേലും അമേരിക്കയും ശനിയാഴ്ച ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെ മധ്യപൂര്‍വ്വേഷ്യ വീണ്ടും സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങി. ഈ സാഹചര്യത്തില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രധാന യു എസ് സൈനിക താവളങ്ങള്‍ ശ്രദ്ധേയമാണ്.

ബഹ്‌റൈന്‍

ബഹ്‌റൈനിലാണ് യു എസ് നാവികസേനയുടെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫിഫ്ത് ഫ്‌ളീറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഗള്‍ഫ് പ്രദേശം, ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങള്‍ എന്നിവ ഈ ഫ്‌ളീറ്റിന്റെ ചുമതലയിലാണ്.

ഖത്തര്‍

ദോഹയ്ക്ക് പുറത്തുള്ള മരുഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 24 ഹെക്ടര്‍ വിസ്തൃതിയുള്ള അല്‍ ഉദൈദ് എയര്‍ബേസ് യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍നിര ആസ്ഥാനമാണ്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്റ് ഈജിപ്ത് മുതല്‍ കസഖ്സ്ഥാന്‍ വരെ വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ യു എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ യു എസ് താവളമായ ഇവിടെ ഏകദേശം 10,000 സൈനികര്‍ പ്രവര്‍ത്തിക്കുന്നു.

കുവൈത്ത്

കുവൈത്തിലെ പ്രധാന താവളങ്ങളില്‍ കാംപ് ആരിഫ്ജാന്‍ ഉള്‍പ്പെടുന്നു. ഇത് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി സെന്‍ട്രലിന്റെ മുന്‍നിര ആസ്ഥാനമാണ്. ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള അലി അല്‍ സാലെം എയര്‍ ബേസ്  'ദി റോക്ക്' എന്ന പേരിലും അറിയപ്പെടുന്നു. 2003-ലെ ഇറാഖ് യുദ്ധകാലത്ത് സ്ഥാപിതമായ കാംപ് ഇറാഖിലേക്കും സിറിയയിലേക്കും വിന്യസിക്കുന്ന യു എസ് സൈനിക വിഭാഗങ്ങളുടെ സ്റ്റേജിംഗ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

യു എ ഇ

അബൂദാബിക്ക് തെക്കായി സ്ഥിതിചെയ്യുന്ന അല്‍ ദഫ്‌ന എയര്‍ബേസ് യു എസ് വ്യോമസേനയുടെ പ്രധാന കേന്ദ്രമാണ്. യു എ ഇ വ്യോമസേനയുമായി പങ്കിടുന്ന ഈ താവളം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ദൗത്യങ്ങള്‍ക്കും മേഖലയില്‍ നിരീക്ഷണ വിന്യാസങ്ങള്‍ക്കുമായി ഉപയോഗിച്ചിട്ടുണ്ട്.

ദുബായിലെ ജബല്‍ അലി പോര്‍ട്ട് ഔദ്യോഗിക സൈനിക താവളം അല്ലെങ്കിലും മധ്യപൂര്‍വ്വേഷ്യയിലെ യു എസ് നാവികസേനയുടെ ഏറ്റവും വലിയ നങ്കൂര കേന്ദ്രമാണ്. യു എസ് വിമാനവാഹിനികള്‍ ഉള്‍പ്പെടെ നിരവധി കപ്പലുകള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ട്.

ഇറാഖ്

ഇറാഖിന്റെ പാശ്ചാത്യ അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍-അസദ് എയര്‍ബേസില്‍ യു എസ് സൈനിക സാന്നിധ്യം തുടരുന്നു. ഇറാഖ് സുരക്ഷാസേനയെ പിന്തുണയ്ക്കുന്നതിനും നേറ്റോ ദൗത്യത്തില്‍ പങ്കാളികളാകുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്. 2020-ല്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്ന് ഇറാന്‍ ഈ താവളത്തെ മിസൈല്‍ ആക്രമണത്തിന് വിധേയമാക്കിയിരുന്നു.

വടക്കന്‍ ഇറാഖിലെ അര്‍ധ സ്വയംഭരണ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള എര്‍ബില്‍ എയര്‍ബേസിലെ യു എസ് സേനയും കൂട്ടുകക്ഷി സേനകളും പരിശീലനങ്ങളും സൈനിക അഭ്യാസങ്ങളും നടത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.