വെനസ്വേലക്കെതിരെ നീക്കം ശക്തമാക്കി അമേരിക്ക; 'അടിമകളുടെ സമാധാനം വേണ്ടെന്ന് മഡുറോ

വെനസ്വേലക്കെതിരെ നീക്കം ശക്തമാക്കി അമേരിക്ക; 'അടിമകളുടെ സമാധാനം വേണ്ടെന്ന് മഡുറോ


കരാക്കസ് : രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ, 'അടിമകളുടെ സമാധാനം വെനസ്വേലയ്ക്ക് വേണ്ടെന്ന് ശക്തമായി പ്രതികരിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. കരാക്കസിലെ വന്റാലിയിലാണ് മഡുറോ അമേരിക്കയുടെ സൈനിക സമ്മര്‍ദ്ദവും കരീബിയന്‍ മേഖലയില്‍ നടക്കുന്ന നാവിക വ്യാപനവും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയത്.

കരീബിയന്‍ കടലില്‍ 22 ആഴ്ചയായി അമേരിക്ക നടത്തുന്ന നാവിക സാന്നിധ്യ വര്‍ധന, വ്യോമമേധാവിയുടെ മുന്നറിയിപ്പുകള്‍, യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന വാദത്തോടെ നടത്തിയ ആക്രമണങ്ങള്‍ എന്നിവയൊക്കെ 'മനഃശാസ്ത്ര ഭീകരത' ആണെന്നും 'രാജ്യത്തെ പരീക്ഷിക്കാനുള്ള ശ്രമം' ആണെന്നും മഡുറോ ആരോപിച്ചു. സെപ്റ്റംബര്‍ മുതല്‍ നടന്ന ഈ ആക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ലക്ഷ്യമാക്കിയ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ യുഎസ് നല്‍കിയിട്ടില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

'ഞങ്ങള്‍ക്ക് സമാധാനം വേണം; പക്ഷേ സ്വാതന്ത്ര്യത്തോടും സമത്വത്തോടും പരമാധികാരത്തോടുമുള്ള സമാധാനമാണ് വേണ്ടത്. കോളനികളുടെയോ അടിമകളുടെയോ സമാധാനം വെനസ്വേലയ്ക്ക് സ്വീകരിക്കാനാവില്ല,' എന്നാണ് മഡുറോ ശക്തമായി പറഞ്ഞത്. ഭരണം അട്ടിമറിക്കാന്‍ യുഎസ് ഭരണകൂടം ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു. അതിനായി സൈനിക സജ്ജീകരണവും അതിര്‍ത്തി നിരീക്ഷണവും അവര്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മഡുറോ വ്യക്തമാക്കി.

വെനസ്വേലയെക്കുറിച്ച് സുരക്ഷാസംഘവുമായി ട്രംപിന്റെ അടിയന്തര ചര്‍ച്ച

വാഷിംഗ്ടണ്‍: ഇതേ സമയം, വെനസ്വേലയിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരമായി ദേശീയ സുരക്ഷാസംഘത്തെ ക്ഷണിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഓവല്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തിയുള്ള ഈ കൂടിക്കാഴ്ചയില്‍ അധിക നടപടി സ്വീകരിക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ടെന്നു പറഞ്ഞെങ്കിലും, തീരുമാനസാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായി വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.

'പ്രസിഡന്റ് പല വിഷയങ്ങളിലും ദേശീയ സുരക്ഷാസംഘവുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചര്‍ച്ചയുടെ പ്രത്യേകതകളില്‍ പോകാന്‍ കഴിയില്ല,' എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റിന്റെ മറുപടി.
വെനസ്വേലയിലേക്ക് അമേരിക്കന്‍ സൈന്യത്തെ നിയോഗിക്കുന്നതിന്റെ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല എന്നും എല്ലാ സാധ്യതകളും പ്രസിഡന്റിന് മുന്നിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക സമ്മര്‍ദ്ദവും മഡുറോയുടെ ശക്തമായ പ്രതിരോധപ്രസ്താവനകളും ഏറ്റുമുട്ടുന്നതോടെ, വെനസ്വേലയും പ്രദേശവും പുതിയൊരു അനിശ്ചിതഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലുകള്‍ ശക്തമാകുകയാണ്.