പാരീസ്: ലൂവ്ര് മ്യൂസിയത്തില്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് അ്‌ന്വേഷണത്തിന് ഒരു ഇസ്രായേല്‍ സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ സഹായം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.
ടെല്‍ അവീവ് ആസ്ഥാനമായ സിജിഐ ഗ്രൂപ്പ് ലൂവ്ര് മ്യൂസിയം തങ്ങളെ അന്വേഷണത്തിനായി സമീപിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മ്യൂസിയം അധികൃതര്‍ ഇക്കാര്യം നിഷേധിച്ചത്.
2019-ല്‍ ജര്‍മ്മന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കലാവസ്തുക്കള്‍ വീണ്ടെടുക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതിനാലാണ് പാരീസില്‍ നിന്നും അഭ്യര്‍ഥനയുണ്ടായതെന്നും സിജിഐ ഗ്രൂപ്പ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യം ലൂവ്ര് മാനേജ്‌മെന്റ് നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് അവര്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ മ്യൂസിയം അധികൃതര്‍ തയ്യാറായില്ല.
മോഷണത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാനും മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താനും ലൂവ്ര് മ്യൂസിയം തങ്ങളെ സമീപിച്ചുവെന്നാണ് സിജിഐ ഗ്രൂപ്പിന്റെ സിഇഒ സ്വിക്കാ നാവെ എ എഫ് പിയോട് പറഞ്ഞത്. ലൂവ്രിന്റെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ മുഖേനയാണ് അഭ്യര്‍ഥന ലഭിച്ചതെന്നും സിഇഒ വ്യക്തമാക്കി.
അന്വേഷണ സഹായത്തിനായി തങ്ങള്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ലൂവ്ര് മാനേജ്‌മെന്റ് വ്യക്തമാക്കിയത്.
പകല്‍ സമയത്ത് ലൂവ്രില്‍ കയറി മോഷണം നടത്തിയവര്‍ മറ്റേതെങ്കിലുമാളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചിരിക്കാമെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച നടന്ന കവര്‍ച്ചയില്‍ ഫ്രഞ്ച് സാമ്രാജ്യകാലത്തെ ആഭരണങ്ങളായ എട്ട് വസ്തുക്കളാണ് ഏഴ് മിനിറ്റിനുള്ളില്‍ മോഷ്ടിക്കപ്പെട്ടത്.
മോഷണത്തിന് പിന്നാലെ പൊലീസ് നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യ എംപ്രസ് യൂജിനിയുടെ 19-ാം നൂറ്റാണ്ടിലെ കിരീടം മ്യൂസിയത്തിനടുത്ത് കണ്ടെത്തി. സ്വര്‍ണപ്പരുന്തുകളാല്‍ അലങ്കരിക്കപ്പെട്ട ഈ കിരീടത്തില്‍ 1,354 വജ്രങ്ങളും 56 മരതകമണികളും പതിപ്പിച്ചിരുന്നു.
പുരാവസ്തു ശേഖരിക്കുന്നവരായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നും സംഘടിത കുറ്റകൃത്യങ്ങളുടെ സാധ്യത പരിശോധിക്കുകയാണെന്നും പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവോ മാധ്യമങ്ങളോട് പറഞ്ഞു.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ നല്ല നിലയില്‍ തന്നെ ഉണ്ടാകുമെന്നും അത് കണ്ടെത്താനാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം മറ്റു കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണത്തിന്റെ വെളുപ്പിക്കലിനായും (മണി ലോണ്ടറിംഗ്) ഈ ആഭരണങ്ങള്‍ ഉപയോഗിക്കപ്പെട്ടിരിക്കാമെന്നും സൂചിപ്പിച്ചു.