'നൂറ്റാണ്ടിലെ മോഷണം': ലൂവർ മ്യൂസിയം ഡയറക്ടർ ലോറൻസ് ഡെ കാർസ് രാജിവച്ചു

'നൂറ്റാണ്ടിലെ മോഷണം': ലൂവർ മ്യൂസിയം ഡയറക്ടർ ലോറൻസ് ഡെ കാർസ് രാജിവച്ചു


പാരിസ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി അറിയപ്പെടുന്ന ലൂവർ മ്യൂസിയംൽ കഴിഞ്ഞവർഷം നടന്ന 'നൂറ്റാണ്ടിലെ മോഷണം' കേസിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ ലോറൻസ് ഡെ കാർസ് രാജിവച്ചു. ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ള രാജകീയ ആഭരണങ്ങൾ മോഷണം പോയ സംഭവത്തെ തുടർന്നാണ് അവർ ചുമതല ഒഴിഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജി അംഗീകരിച്ചതായി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തിന് സ്ഥിരതയും പുതിയ ഉണർവുമാവശ്യമായ ഈ ഘട്ടത്തിൽ ഉത്തരവാദിത്വപരമായ തീരുമാനമാണ് ഡെ കാർസ് എടുത്തതെന്ന് മാക്രോൺ പറഞ്ഞു.

മോഷണത്തിനു പിന്നാലെ തന്നെ ഡെ കാർസ് സാംസ്‌കാരിക മന്ത്രി റാഷിദ ദതിയ്ക്ക് രാജിക്കത്ത് നൽകിയിരുന്നെങ്കിലും അന്ന് അത് അംഗീകരിച്ചിരുന്നില്ല. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള നിധികൾ നിരീക്ഷിക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ 'പൂർണമായും പഴഞ്ചനും ചിലപ്പോൾ ഇല്ലാത്തതുമാണ്' എന്നത് മ്യൂസിയത്തിനുള്ള 'ഭീകരമായ യാഥാർത്ഥ്യം' ആണെന്ന് അവർ മുൻപ് തന്നെ സമ്മതിച്ചിരുന്നു.

അതേസമയം, ഡെ കാർസിന്റെ സേവനവും പ്രതിബദ്ധതയും പ്രശംസിച്ച പ്രസിഡന്റ്, അവരുടെ ശാസ്ത്രീയ വിദഗ്ധത പരിഗണിച്ച് ജി7 പ്രസിഡൻസിയുടെ ഭാഗമായി, അംഗരാജ്യങ്ങളിലെ പ്രമുഖ മ്യൂസിയങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകുന്ന ഒരു ദൗത്യം അവർക്കു ഏൽപ്പിച്ചതായി എലിസേ കൊട്ടാരം അറിയിച്ചു.