തുര്‍ക്കിയില്‍ വിമാനം തകര്‍ന്ന് ലിബിയന്‍ സൈന്യാധിപന്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

തുര്‍ക്കിയില്‍ വിമാനം തകര്‍ന്ന് ലിബിയന്‍ സൈന്യാധിപന്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു


അങ്കാറ(തുര്‍ക്കി):  അങ്കാറയില്‍നിന്ന് പറന്നുയര്‍ന്ന സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ലിബിയയുടെ പാശ്ചാത്യ മേഖലയുടെ സൈന്യാധിപന്‍ ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍ഹദ്ദാദ് ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നിന്നു ലിബിയയിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ലിബിയന്‍ അധികൃതര്‍ അറിയിച്ചു.

ലിബിയ-തുര്‍ക്കി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്കായി അങ്കാറയിലെത്തിയ സംഘമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അല്‍ഹദ്ദാദിനൊപ്പം നാല് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളുമാണ് അപകടത്തില്‍ മരിച്ചത്. ജനറല്‍ അല്‍ഫിതൂരി ഘ്രൈബില്‍ (ഭൂസേന മേധാവി), ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് അല്‍ഖത്താവി (സൈനിക നിര്‍മാണ അതോറിറ്റി തലവന്‍), ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍അസാവി ദിയാബ്, സൈനിക ഫോട്ടോഗ്രാഫര്‍ മുഹമ്മദ് ഒമര്‍ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് മരിച്ച മറ്റ് ഉദ്യോഗസ്ഥര്‍. ക്രൂ അംഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് ഫാല്‍കണ്‍-50 വിഭാഗത്തിലുള്ള ബിസിനസ് ജെറ്റ് അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. നാല്പത് മിനിറ്റുകള്‍ക്കുശേഷം വിമാനവുമായി ബന്ധം നഷ്ടമായതായി തുര്‍ക്കി വ്യോമ ഗതാഗത നിയന്ത്രകര്‍ അറിയിച്ചു. ഹായ്മാന ജില്ലയിലുള്ള കെസിക്കാവാക് ഗ്രാമത്തിന് സമീപമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വൈദ്യുത തകരാര്‍ ഉണ്ടായതായി വിമാനത്തില്‍നിന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി ബുറഹാനത്തീന്‍ ദുരാന്‍ പറഞ്ഞു. എസന്‍ബോഗയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ ആകാശത്ത് വലിയ പൊട്ടിത്തെറിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തെ 'ലിബിയയ്ക്ക് വലിയ നഷ്ടം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദ്‌ബൈബ, അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി തുര്‍ക്കിയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ തുര്‍ക്കി ജസ്റ്റിസ് മന്ത്രാലയം നാല് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അങ്കാര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു; നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

2011ല്‍ ഗദ്ദാഫി ഭരണത്തിന്റെ പതനത്തിന് പിന്നാലെ അസ്ഥിരതയിലായ ലിബിയയില്‍ സൈനിക ഏകീകരണത്തിനുള്ള യുഎന്‍ ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അല്‍ഹദ്ദാദ്. തുര്‍ക്കിയുമായി സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനിടെയുണ്ടായ ഈ ദുരന്തം ലിബിയയുടെ രാഷ്ട്രീയ-സൈനിക രംഗത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.