ടെഹ്രാൻ: അമേരിക്ക നടത്തിയ പുതിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. രാജ്യത്തിനെതിരായ ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്നും സുരക്ഷിതരാകണമെങ്കിൽ അമേരിക്കൻ സേന മേഖലയെ വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
അമേരിക്കൻ സേന ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അറാഗ്ചിയുടെ പ്രതികരണം. യുദ്ധഭൂമിയിൽ പരാജയപ്പെട്ട ശേഷവും അമേരിക്ക ഇറാന്റെ നിശ്ചയദാർഢ്യം പരീക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഞങ്ങളുടെ ശക്തമായ സായുധ സേന ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ല. സുരക്ഷ വേണമെങ്കിൽ ഞങ്ങളുടെ മേഖല വിട്ടുപോകൂ. പേർഷ്യൻ ഗൾഫിന്റെ ചരിത്രത്തിൽ പുറത്തുനിന്ന് ഇടപെട്ടവരുടെ ദുരന്തപര്യവസാനങ്ങളുടെ നിരവധി അധ്യായങ്ങളുണ്ട്,' അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
യു.എസ്. അപ്പാച്ചി ആക്രമണ ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തിയ സംഭവത്തിന് തിരിച്ചടിയായാണ് അമേരിക്ക പുതിയ ആക്രമണം നടത്തിയതെന്ന് യു.എസ്. സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖാതം അൽ അൻബിയ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോൾഫഘാരിയും മുന്നറിയിപ്പ് നൽകി.
'അപ്പാച്ചി ഹെലികോപ്റ്റർ വീഴ്ത്തിയതിന് പ്രതികാരമായാണ് അമേരിക്ക ഇറാന്റെ വിവിധ ഭാഗങ്ങൾ ആക്രമിച്ചത്. ഇതിന് കനത്ത മറുപടി ഉടൻ ലഭിക്കും,' അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഗൾഫിന്റെ തെക്കൻ ഭാഗത്തെ രാജ്യങ്ങളിലെ ജനങ്ങൾ സൈനിക കേന്ദ്രങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഹോർമോസ്ഗാൻ പ്രവിശ്യയിലെ കോഹെസ്താൻ, സിറിക്, മിനാബ്, തുറമുഖ നഗരമായ ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികളായ മെഹറും ഫാർസും റിപ്പോർട്ട് ചെയ്തു. സഫോടനങ്ങളുടെ കൃത്യമായ സ്ഥലങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഹോർമുസ് കടലിടുക്കിന് മുകളിൽ തകർന്നുവീണ അമേരിക്കൻ അപ്പാച്ചി ഹെലികോപ്റ്ററിനെ ഇറാൻ മനഃപൂർവം ലക്ഷ്യമിട്ടതല്ലെന്ന് ഇറാൻ ഉപവിദേശകാര്യമന്ത്രി കാസിം ഗരീബാബാദി അൽ ജസീറയോട് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ ഏറ്റുമുട്ടൽ. മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.
'സുരക്ഷ വേണമെങ്കിൽ മേഖല വിട്ടുപോകൂ'; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ
