ദോഹ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച വ്യാപക സൈനിക നീക്കങ്ങൾക്കിടെ ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇരയായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് ഇത്. ആക്രമണത്തിൽ ആളപായമില്ലെന്നും മറ്റൊരു മിസൈൽ തങ്ങളുടെ പ്രതിരോധ സംവിധാനം തടഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ വലിയ സൈനിക നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. അമേരിക്ക-ഇസ്രായേൽ സംയുക്താക്രമണത്തിൽ ഇറാനിലെ സൈനിക- സർക്കാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടിരുന്നു. ഞായറാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പരമോന്നത നേതാവായ അലി ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് അവർ തിരിച്ചടിച്ചത്. ഇതെതുടർന്ന് ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കൻ നയതന്ത്ര സ്ഥാപനങ്ങളിലെയും സുരക്ഷ ശക്തമാക്കി.
ലെബനനിൽ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സായുധസംഘത്തിനെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്ക-ഇസ്രായേൽ നടപടികൾ അന്താരാഷ്ട്ര നിയമത്തിനൊത്ത് പോകുന്നുണ്ടോയെന്ന സംശയം ഉന്നയിച്ചു. ഇറാൻ ആണവായുധം നേടുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയെയോ കൂട്ടാളികളെയോ ആശ്രയിക്കാതെ അമേരിക്ക നടപടി സ്വീകരിച്ചതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം വേഗത്തിൽ കുറയ്ക്കുകയും നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കുകയും വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
അടുത്ത മണിക്കൂറുകളിലും ദിവസങ്ങളിലുമായി ആക്രമണങ്ങളുടെ തീവ്രത വർധിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ലോകത്തിലെ ശക്തമായ രണ്ടു വ്യോമസേനകൾ ചേർന്ന് ഇറാന്റെ സൈനിക ശേഷി തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം ഗുരുതരമായി തകർത്തതായി മധ്യപൂർവ്വേഷ്യയിലെ അമേരിക്കൻ സേനയുടെ മേധാവിയായ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും ഡ്രോണുകളും നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പതിനേഴ് ഇറാനിയൻ കപ്പലുകളും ഒരു അന്തർവാഹിനിയും തകർത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പതിനായിരത്തിലധികം സൈനികർ ഈ നീക്കത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഏകദേശം രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ഇതുവരെ ആക്രമിച്ചതായും അറിയിച്ചു.
ഈ സൈനിക നീക്കം ആരംഭിച്ചതിന് ശേഷം 9,000ത്തിലധികം അമേരിക്കക്കാർ മധ്യപൂർവ്വേഷ്യയിൽ നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയതായി ട്രംപ് അറിയിച്ചു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ സഹായം ഇല്ലാതെയാണ് പലരും മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ വേഗത്തിലുള്ള വെടിനിർത്തലിനും സമാധാന ചർച്ചകൾക്കും അന്താരാഷ്ട്ര സമൂഹം ആഹ്വാനം ശക്തമാക്കുകയാണ്.
മധ്യപൂർവ്വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം
