കാരക്കസ്: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ശനിയാഴ്ച പിടികൂടിയ യുഎസ് സൈനിക നടപടിയില്‍ അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിലെ വലിയൊരു വിഭാഗം കൊല്ലപ്പെട്ടതായി വെനിസ്വേലയുടെ പ്രതിരോധമന്ത്രി ജനറല്‍ വ്‌ലാദിമിര്‍ പാഡ്രിനോ അറിയിച്ചു. ഞായറാഴ്ച രാവിലെ ടെലിവിഷന്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കൃത്യമായ കണക്ക് പാഡ്രിനോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. മഡൂറോയുടെ അറസ്റ്റിന് പിന്നാലെ ഉപരാഷ്ട്രപതി ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചതിന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പാഡ്രിനോ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിനായി സായുധസേനയെ രാജ്യവ്യാപകമായി സജ്ജമാക്കിയതായി പ്രതിരോധമന്ത്രി അറിയിച്ചു. 'വെനിസ്വേലയുടെ ഭൂപ്രദേശവും സ്വതന്ത്ര്യവും സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് നടപടിയില്‍ നിരവധി സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തല്‍, ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയ സംഭവത്തിന് പുതിയ ഗൗരവം നല്‍കുകയാണ്. വെനിസ്വേല ഇതിനെ തുറന്ന യുദ്ധനടപടിയെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നുമാണ് വിശേഷിപ്പിക്കുന്നത്.
യുഎസ് റെയ്ഡില്‍ മഡൂറോയുടെ സുരക്ഷാസംഘത്തിലെ ഭൂരിഭാഗംപേരും കൊല്ലപ്പെട്ടുവെന്ന് വെനിസ്വേല
