കീവ്: ഇന്ത്യൻ വംശജനായ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തലിന്റെ യുക്രെയ്‌നിലെ വൻ സ്റ്റീൽ സമുച്ചയത്തിന് റഷ്യൻ മിസൈൽ ആക്രമണത്തിൽ നാശനഷ്ടം. യുക്രെയ്‌നിലെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ജന്മനഗരമായ ക്രിവി റിഹിലെ പ്ലാന്റിലാണ് ആക്രമണമുണ്ടായത്. പ്രധാന വൈദ്യുതി സംവിധാനങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകളുടെ പ്രവർത്തനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഉൽപാദനം ഭാഗികമായി നിർത്തിവച്ചു.
റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് റഷ്യൻ തിരിച്ചടി. ഒറ്റ രാത്രിയിൽ 822 യുക്രെയ്ൻ ഡ്രോണുകൾ തങ്ങൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്‌കോ മേഖലയിലേക്ക് മാത്രം 600ഓളം ഡ്രോണുകൾ എത്തിയതായും അതിൽ മൂന്നിലൊന്ന് നശിപ്പിച്ചതായും മേയർ സെർജി സോബ്യാനിൻ പറഞ്ഞു.
മോസ്‌കോ മേഖലയിൽ യുക്രെയ്ൻ ഡ്രോൺ സ്വകാര്യവീടിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് 83 വയസ്സുകാരൻ കൊല്ലപ്പെട്ടതായി ഗവർണർ ആന്ദ്രേ വൊറോബ്യോവ് അറിയിച്ചു. പൊഡോൾസ്‌കിലെ വൈൽഡ്‌ബെറീസ് ഗോഡൗണിലും ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി.
റഷ്യയിലെ റോസതോവ് മേഖലയിലുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 150ലേറെ ഡ്രോണുകൾ ആക്രമണത്തിൽ ഉപയോഗിച്ചതായും വീടുകൾക്കും റെയിൽവേ സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായും ഗവർണർ യൂറി സ്ല്യൂസർ പറഞ്ഞു.
യുക്രെയ്ൻ ഈ വർഷം റഷ്യൻ അതിർത്തിക്കുള്ളിലെ ദൂരവ്യാപക ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്തുക ലക്ഷ്യമിട്ട് സൈനിക വ്യവസായ കേന്ദ്രങ്ങൾ, ഊർജ സംവിധാനങ്ങൾ, ഗതാഗതവിതരണ ശൃംഖലകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിന് പിന്നാലെയാണ് യുക്രെയ്‌നിലെ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണവും ശക്തമായിരിക്കുന്നത്.
റഷ്യൻ മിസൈൽ ആക്രമണത്തിൽ ലക്ഷ്മി മിത്തലിന്റെ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം; ക്രിവി റിഹിൽ ഉൽപാദനം ഭാഗികമായി നിലച്ചു
