ഇര്‍കുട്‌സ്‌ക്: സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് മേഖലയില്‍ ലബോറട്ടറി ജീവനക്കാരി പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള 200ഓളം പേരെ ആരോഗ്യ അധികൃതര്‍ നിരീക്ഷണത്തിലാക്കി. മരിച്ച യുവതിക്ക് ഏത് തരത്തിലുള്ള പ്ലേഗാണ് ബാധിച്ചതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ന്യൂമോണിക് പ്ലേഗ് ആണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഡാരിയ എസ് എന്നറിയപ്പെടുന്ന 28കാരിയായ യുവതി ഇര്‍കുട്‌സ്‌കിലെ ആന്റി-പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീവനക്കാരിയായിരുന്നു. മോസ്‌കോ ടൈംസ്, ല്യൂദി ബൈക്കാല, ആര്‍ഇഎന്‍ ടിവി തുടങ്ങിയ മാധ്യമങ്ങളാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തില്‍ പൊട്ടിയതായി യുവതി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇര്‍കുട്‌സ്‌കിന് സമീപമുള്ള ഷെലെഖോവില്‍ ഗുരുതരമായ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ പ്രകടമായി.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട ജില്ലാ ആശുപത്രി ക്വാറന്റൈനിലാക്കി.
യുവതിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തി മെഡിക്കല്‍ നിരീക്ഷണത്തിലാക്കിയതായി ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് ടെലഗ്രാമിലൂടെ അറിയിച്ചു.
നിരീക്ഷണത്തിലുള്ളവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലെന്നും നടത്തിയ ലബോറട്ടറി പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റീവാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം, പ്രാദേശിക മാധ്യമങ്ങള്‍ യുവതി ന്യൂമോണിക് പ്ലേഗ് ബാധിച്ചാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ കൃത്യമായ രൂപം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അയല്‍രാജ്യമായ മംഗോളിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ബുറിയാത്തിയയില്‍ പ്ലേഗ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ബുറിയാത്തിയ റിപ്പബ്ലിക്കിന്റെ തലവന്‍ അലക്‌സി സിഡെനോവ് വ്യക്തമാക്കി. ഇര്‍കുട്‌സ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തിന് ബുറിയാത്തിയയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ പ്ലേഗ് മരണത്തെക്കുറിച്ച് അറിവുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
യു എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് ലഭ്യമായ വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവിടണമെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ ഡാന്‍ ഹോഫ്മാനും സംഭവത്തില്‍ യു എസ് ഇന്റലിജന്‍സ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് അഭിപ്രായപ്പെട്ടു. റഷ്യയിലെ അമേരിക്കന്‍ എംബസി റഷ്യന്‍ അധികൃതരുമായി ഔദ്യോഗിക തലത്തില്‍ ആശയവിനിമയം നടത്താനും സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.
റഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് അപകടസാധ്യതയുണ്ടോയെന്ന കാര്യവും വാഷിംഗ്്ടണ്‍ വിലയിരുത്തുമെന്നും മേഖലയിലെ സഖ്യകക്ഷികളുമായും പങ്കാളികളുമായും ലഭ്യമായ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും ഹോഫ്മാന്‍ പറഞ്ഞു.
നിലവില്‍ വ്യാപകമായ പ്ലേഗ് വ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും രോഗബാധയുടെ ഉറവിടവും സമ്പര്‍ക്കത്തിലുള്ളവരുടെ ആരോഗ്യനിലയും സംബന്ധിച്ച നിരീക്ഷണം തുടരുകയാണ്.
