കുവൈത്ത് വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിനു നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിനു നേരെ ഡ്രോൺ ആക്രമണം


ഇസ്താംബുൾ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ശനിയാഴ്ച വൈകുന്നേരം നിരവധി ഡ്രോണുകൾ ആക്രമണം നടത്തി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.

നിരവധി ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റഡാർ സംവിധാനമാണ് തകർന്നതെന്ന് അതോറിറ്റിയുടെ വക്താവ് അബ്ദുള്ള അൽ രാജ്ഹി പറഞ്ഞു.

പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ നടപ്പാക്കിയ അടിയന്തര പദ്ധതിപ്രകാരം സംഭവത്തെ ഉടൻ നിയന്ത്രണവിധേയമാക്കിയതായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം ശത്രുതാപരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം പ്രവർത്തിച്ചതായി കുവൈത്ത് സൈന്യവും അറിയിച്ചു. ചില പ്രദേശങ്ങളിൽ കേട്ട സ്‌ഫോടന ശബ്ദങ്ങൾ ആക്രമണവസ്തുക്കൾ തടഞ്ഞപ്പോഴുണ്ടായതാണെന്നും സൈന്യം വ്യക്തമാക്കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്തമായി ആക്രമണം നടത്തിയതിനെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം ശക്തമായി തുടരുകയാണ്. ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനെയി ഉൾപ്പെടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാൻ ഇസ്രയേലിനെയും ജോർദാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് മിസൈൽഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.