ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കടത്താന്‍ ഇറാന്‍ രഹസ്യമായി 'ടോള്‍' ഈടാക്കുന്നുവെന്ന് സംശയം; 10-20% വരെ ചരക്ക് നല്‍കുന്നതായി റിപ്പോര്‍ട്ട്

ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കടത്താന്‍ ഇറാന്‍ രഹസ്യമായി 'ടോള്‍' ഈടാക്കുന്നുവെന്ന് സംശയം; 10-20% വരെ ചരക്ക് നല്‍കുന്നതായി റിപ്പോര്‍ട്ട്


ദുബൈ: ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന് രഹസ്യമായി പണം നല്‍കുന്നതായി സംശയം. കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കുന്നതിന് ചില ചരക്കുകളുടെ 10 മുതല്‍ 20 ശതമാനം വരെ ഇറാന് നല്‍കുന്ന തരത്തിലുള്ള രഹസ്യ ധാരണകള്‍ ഉണ്ടായിരിക്കാമെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ കെപ്ലറിലെ വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ സ്ഥിരീകരണമില്ല.

കെപ്ലറിലെ പോളിസി ആന്‍ഡ് ജിയോപൊളിറ്റിക്കല്‍ റിസ്‌ക് വിഭാഗം മേധാവി മിഷേല്‍ ബ്രോഹാര്‍ഡാണ് ഇത്തരമൊരു സാധ്യത ഉന്നയിച്ചത്. ഇറാന്റെ സമ്മര്‍ദം നേരിടാന്‍ അമേരിക്കയുടെ സംരക്ഷണത്തെ മാത്രം ദീര്‍ഘകാലം ആശ്രയിക്കാന്‍ കഴിയില്ലെന്ന ആശങ്കയില്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി ധാരണയിലെത്തിയിരിക്കാമെന്നാണ് അവരുടെ നിഗമനം.

എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ഒരു തരത്തിലുള്ള 'ടോള്‍' നല്‍കുന്നുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്ന് ബ്രോഹാര്‍ഡ് പറഞ്ഞു. അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍ അകമ്പടിയും ഇറാന് ചരക്കിന്റെ 10-20 ശതമാനം നല്‍കുന്നതും ദീര്‍ഘകാലം തുടരാനാകാത്ത സാഹചര്യത്തില്‍, യുദ്ധം വീണ്ടും രൂക്ഷമാകുന്നതിന് മുമ്പ് പരമാവധി എണ്ണ കയറ്റുമതി ചെയ്യാനുള്ള ശ്രമമാണ് ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നതെന്നും അവര്‍ വിലയിരുത്തി.

എണ്ണ കയറ്റുമതി ഉയര്‍ന്ന നിലയില്‍

കെപ്ലറിന്റെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ മധ്യപൂര്‍വദേശത്തുനിന്നുള്ള ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് കയറ്റുമതി ശരാശരി പ്രതിദിനം 1.65 കോടി ബാരല്‍ ആയിരുന്നു. മാസത്തിന്റെ അവസാന ആഴ്ചയിലെ ചില ദിവസങ്ങളില്‍ ഇത് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന പ്രതിദിനം 1.8 കോടി ബാരലിന്റെ ശരാശരിയെയും മറികടന്നു.

എന്നാല്‍ ഇറാന് രഹസ്യമായി ടോള്‍ നല്‍കുന്നുവെന്ന ആരോപണം കെപ്ലര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറ്റ് വിപണി വിദഗ്ധരും സമാനമായ സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മേഖലയില്‍ അമേരിക്കയുടെ കപ്പല്‍ അകമ്പടി മുതല്‍ ഇറാന്‍ രഹസ്യമായി ടോള്‍ ഈടാക്കുന്നതുവരെയുള്ള കാര്യങ്ങള്‍ മറവിലാണ് നടക്കുന്നതെന്ന് ഐജി ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് ക്രിസ് ബ്യൂചാമ്പ് അഭിപ്രായപ്പെട്ടു.

സ്ഥിരീകരിച്ചാല്‍ ഗുരുതര പ്രത്യാഘാതം

ഇറാന് രഹസ്യമായി പണം നല്‍കുന്നുവെന്ന ആരോപണം ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ അതിന് വലിയ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതിനെതിരെ ട്രംപ് ഭരണകൂടം നേരത്തെ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇറാന്റെ ട്രാന്‍സിറ്റ് ചാര്‍ജ് ആവശ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള ഇറാന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ശൃംഖലയെ ലക്ഷ്യമിട്ട് അമേരിക്ക നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ ആഗോള എണ്ണവിപണിയിലും കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കുകയാണ്.