'കിങ് ചാൾസ് III അന്തരിച്ചുവെന്ന് ബ്രിട്ടീഷ് റേഡിയോയുടെ അബദ്ധപ്രഖ്യാപനം; പിന്നാലെ മാപ്പുപറഞ്ഞ് അധികൃതർ

'കിങ് ചാൾസ് III അന്തരിച്ചുവെന്ന് ബ്രിട്ടീഷ് റേഡിയോയുടെ അബദ്ധപ്രഖ്യാപനം; പിന്നാലെ മാപ്പുപറഞ്ഞ് അധികൃതർ


ലണ്ടൻ:   ബ്രിട്ടനിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ റേഡിയോ കരോളൈൻ നടത്തിയ തെറ്റായ മരണപ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. 'ഹിസ് മജസ്റ്റി കിങ് ചാൾസ് മൂന്നാമൻ അന്തരിച്ചു' എന്ന സന്ദേശമാണ് മേയ് 19ന് സ്റ്റേഷൻ പുറത്തുവിട്ടത്. സന്ദേശം പ്രചരിച്ചതോടെ രാജാവിന്റെ മരണവുമായി ബന്ധപ്പെട്ട ബ്രിട്ടനിലെ ഔദ്യോഗിക 'ഡെത്ത് ഓഫ് എ മോനാർക്ക്' പ്രോട്ടോക്കോളും സജീവമായി.

പിന്നീട് ഇത് സാങ്കേതിക പിഴവിനെ തുടർന്നുണ്ടായ അബദ്ധമാണെന്ന് റേഡിയോ സ്റ്റേഷൻ വിശദീകരിക്കുകയും പൊതുമാപ്പ് അറിയിക്കുകയും ചെയ്തു. സ്റ്റേഷൻ മാനേജർ പീറ്റർ മൂർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. എസെക്‌സിലെ മാൾഡണിലുള്ള പ്രധാന സ്റ്റുഡിയോയിലെ കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് അടിയന്തര പ്രോട്ടോക്കോൾ അബദ്ധത്തിൽ പ്രവർത്തനക്ഷമമായതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജാവിന്റെ മരണവാർത്ത പുറത്ത് വന്നതോടെ സ്റ്റേഷന്റെ സംപ്രേഷണവും സ്വമേധയാ നിശ്ശബ്ദമായിരുന്നു. പിന്നീട് ജീവനക്കാർ ഇടപെട്ട് സാധാരണ പ്രോഗ്രാമുകൾ പുനഃസ്ഥാപിക്കുകയും സംപ്രേഷണത്തിലൂടെ മാപ്പുപറയുകയും ചെയ്തു.

കിങ് ചാൾസ് മൂന്നാമനും ശ്രോതാക്കൾക്കും ഉണ്ടായ മാനസിക ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തിയ സ്റ്റേഷൻ, മുൻ രാജ്ഞിയായ എലിസബത്ത് സെക്കന്റിന്റെ കാലം മുതൽ രാജകുടുംബത്തിന്റെ ക്രിസ്മസ് സന്ദേശങ്ങൾ സംപ്രേഷണം ചെയ്തുവരുന്നുവെന്നും ഭാവിയിലും അത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു.

തെറ്റായ പ്രഖ്യാപനം എത്ര നേരം സംപ്രേഷണം ചെയ്തുവെന്ന കാര്യം സ്റ്റേഷൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഉച്ചയ്ക്ക് 1.58 മുതൽ വൈകിട്ട് 5 വരെ സംപ്രേഷണത്തിന്റെ റെക്കോർഡ് സ്റ്റേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.