പ്യോങ് യാംഗ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തിന്റെ ആണവായുധ ശേഖരം വൻതോതിൽ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് പുതിയ ആണവ ഇന്ധന ഉൽപാദന കേന്ദ്രം തുറന്നു. ആണവ ബോംബുകൾക്കായി ഉപയോഗിക്കുന്ന ഇന്ധനം ഉൽപാദിപ്പിക്കുന്ന ഈ കേന്ദ്രം സന്ദർശിച്ച കിം, ആയുധോൽപാദനത്തിന് ആവശ്യമായ ആണവ വസ്തുക്കളുടെ നിർമ്മാണ ശേഷി അഞ്ച് വർഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയായി ഉയർന്നതായി അവകാശപ്പെട്ടു.
രാജ്യത്തിന്റെ ആണവശേഷി 'ഉയർന്ന തോതിൽ' വർധിപ്പിക്കാനുള്ള ദീർഘകാല പദ്ധതിക്ക് മുൻഗണന നിശ്ചയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഭീഷണികളും ദീർഘകാല ഏറ്റുമുട്ടൽ സാധ്യതകളും കണക്കിലെടുത്താണ് ആണവശേഷി വികസിപ്പിക്കുന്നതെന്നും കിം വ്യക്തമാക്കി. അമേരിക്കയെയും ദക്ഷിണ കൊറിയയെയും ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശമെന്നാണ് വിലയിരുത്തൽ.
പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ കൂടുതൽ പുരോഗമിച്ച സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. പുറത്തുവിട്ട ചിത്രങ്ങളിൽ വെള്ളിനിറത്തിലുള്ള ട്യൂബുകളും പൈപ്പുകളും നിറഞ്ഞ സെൻട്രിഫ്യൂജ് ഹാളിലൂടെ കിം നടക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതും കാണാം.
ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഉത്തര കൊറിയ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ അവസരമാണിത്. 2010ൽ യോങബ്യോൺ ആണവ സമുച്ചയം അമേരിക്കൻ വിദഗ്ധർക്ക് കാണിച്ചുകൊടുത്തിരുന്നു. 2024 സെപ്തംബറിലായിരുന്നു രണ്ടാമത്തെ കേന്ദ്രം പുറത്തുവിട്ടത്.
ഇപ്പോൾ പുറത്തുവിട്ടത് യോങബ്യോൺ സമുച്ചയത്തിലെ പുതിയ സമ്പുഷ്ടീകരണ കേന്ദ്രമായിരിക്കാനാണ് സാധ്യതയെന്ന് ആണവനയ വിദഗ്ധനായ അങ്കിത് പാണ്ഡെയുടെ വിലയിരുത്തുന്നു. രണ്ട് നിലകളുള്ള ഈ കേന്ദ്രം ഉത്തര കൊറിയയുടെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയിൽ വലിയ വർധനവിന് വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം വീണ്ടും സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ, ഉത്തര കൊറിയയുടെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ആണവശേഷി 'അതിവേഗം' വർധിപ്പിക്കും; പുതിയ ആണവ ഇന്ധന കേന്ദ്രം തുറന്ന് കിം ജോങ് ഉൻ
